Skip to main content
ഇ-ജാഗ്രത മൂന്നാംഘട്ട പരിശീലനപരിപാടി ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യുന്നു.

ഇ-ജാഗ്രതപദ്ധതിയുടെ മൂന്നാംഘട്ട പരിശീലനം ആരംഭിച്ചു

 

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നതിനായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുന്‍കയ്യെടുത്ത് ആവിഷ്‌കരിച്ച ഇ - ജാഗ്രത പദ്ധതിയുടെ മൂന്നാംഘട്ട പരിശീലനത്തിന് തുടക്കം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്‍ഫോപാര്‍ക്കിലെ ടി.സി.എസ് സമുച്ചയത്തില്‍ ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. നൂറ് സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്  പരിശീലനം നല്‍കിയത്.

ക്‌ളൗഡ് കമ്പ്യൂട്ടിങ്, ആന്‍ഡ്രോയിഡ് ഡെവലപ്‌മെന്റ്, എത്തിക്കല്‍ ഹാക്കിങ്, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് പേയ്‌മെന്റ് തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ഇന്റര്‍നെറ്റിന്റെ സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണവുമായ ഉപയോഗവുമായിരുന്നു ആദ്യ രണ്ടുഘട്ടങ്ങളില്‍.

വിദ്യാഭ്യാസരംഗത്തെ മികവ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സ്മാര്‍ട് ക്‌ളാസ് റൂമുകള്‍ സ്ഥാപിച്ചു വരികയാണെന്ന് കളക്ടര്‍ പറഞ്ഞു. ഇത്തരം സജ്ജീകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാനും അതുവഴി വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനും ഇ-ജാഗ്രത പദ്ധതിയിലെ പരിശീലനം സഹായിക്കും. പാഠ്യ വിഷയങ്ങളില്‍ ഇന്റര്‍നെറ്റ് ഫലപ്രദമായി ഉപയോഗിക്കാനും പരിശീലനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഇ-ഗവേണന്‍സ് സേവനങ്ങള്‍ പലതും നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇവ ഉപയോഗിക്കുന്നത് വളരെ ചുരുക്കം പേര്‍ മാത്രമാണ്. പണത്തിന്റെ വിനിമയം ഓണ്‍ലൈനില്‍ നടത്താനുള്ള മാനസികമായ വിമുഖതയും ആത്മവിശ്വാസമില്ലായ്മയുമാവാം കാരണം. ഇത് മറികടക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംബന്ധിച്ച പരിശീലനപരിപാടിയും ഇ-ജാഗ്രത മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പാലിക്കേണ്ട മര്യാദകളെക്കുറിച്ചുമുളള പരിശീലനവും കാലത്തിന്റെ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വൈസ് പ്രസിഡന്റ് ദിനേഷ്.പി. തമ്പിയും പ്രസംഗിച്ചു.

ഇ ജാഗ്രത പദ്ധതിയില്‍ പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അതത് സ്‌കൂളുകളില്‍ ക്‌ളാസുകള്‍ സംഘടിപ്പിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 101 സര്‍ക്കാര്‍ സ്‌കൂളുകളെയും രണ്ടാംഘട്ടത്തില്‍ 161 എയ്ഡഡ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയിരുന്നു. ഇ-ജാഗ്രത പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ ഐ.ടി അടിസ്ഥാന സൗകര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന പത്ത് സ്‌കൂളുകളുകള്‍ക്ക് പത്ത് കമ്പ്യൂട്ടറുകള്‍ നല്കിയിരുന്നു. 100 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമെ 30 എയ്ഡഡ് സ്‌കൂളുകളെയും മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

date