Skip to main content

കാസര്‍കോട് ഡിഡിപി ഓഫീസ് ഇനി പേപ്പര്‍ലെസ്

 

    കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ കാര്യാലയം ഇന്നു (9) മുതല്‍ പേപ്പര്‍ലെസ്  ഇലക്‌ട്രോണിക് ഓഫീസാകും. പേപ്പര്‍ലെസ് ഇലക്‌ട്രോണിക് ഓഫീസ് പ്രഖ്യാപനവും നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ഇന്ന് (9) രാവിലെ 10 ന്  പഞ്ചായത്ത് ഡയറക്ടര്‍ പി.മേരിക്കുട്ടി നിര്‍വ്വഹിക്കും. ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ അധ്യക്ഷത വഹിക്കും. 
    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും പഞ്ചായത്ത് വകുപ്പിലെയും എല്ലാ സേവനങ്ങളും പ്രവര്‍ത്തനങ്ങളും കൈവിരല്‍ തുമ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇ ഗവേണന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അതിന്റെ ഭാഗമായാണ് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയവും പേപ്പര്‍ലെസ് ആകുന്നത്. ഭരണ സേവന രംഗങ്ങളില്‍  ഇ ഗവേണന്‍സിന്റെ സാധ്യതകള്‍  പരമാവധി ഉപയോഗപ്പെടുത്തി സംവിധാനത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിന് പഞ്ചായത്ത് വകുപ്പ് തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. സേവന പ്രധാനം പൗരകേന്ദ്രീകൃതമാക്കുന്നതിനുള്ള ഫലവത്തായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകള്‍.   ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.  ജനന മരണ വിവാഹ രജിസ്‌ട്രേഷനും, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്.  കെട്ടിട ഉമസ്ഥാവകാശ സാക്ഷ്യപത്രം, നികുതി അടവിനുള്ള സൗകര്യം, പദ്ധതികളുടെ വിവിധ വിവരങ്ങള്‍ തുടങ്ങിയവയും ഓണ്‍ലൈനില്‍ ലഭിക്കും. 
    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.  മാന്വല്‍ അക്കൗണ്ടിംഗ് സംവിധാനത്തില്‍ നിന്നും സാംഖ്യ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കേരളത്തില്‍ ആദ്യം മാറിയത് ജില്ലയാണ്.  യോഗ നടത്തിപ്പിനുള്ള സകര്‍മ്മ, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ക്ക് വേണ്ടിയുള്ള സങ്കേതം എന്നീ ആപ്ലിക്കേഷനുകള്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ആദ്യം നടപ്പാക്കിയതും കാസര്‍കോട് ജില്ലയാണ്.  സകര്‍മ്മ സംസ്ഥാനത്ത് തന്നെ ഏറ്റവും ആദ്യം തുടങ്ങിയതും ജില്ലയിലാണ്.      ഇതിന്റെ തുടര്‍ച്ചയായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പഞ്ചായത്ത് വകുപ്പിന്റെ ഡൊമൈന്‍ സപ്പോര്‍ട്ടോടെ സൂചിക എന്ന പേരില്‍ തയ്യാറാക്കിയ വെബ് ആപ്ലിക്കേഷന്‍ കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ട്രയല്‍ റണ്‍ നടത്തി. ഈ മാസം ഒന്നുമുതല്‍ ഓഫീസ് പൂര്‍ണ്ണമായും (പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം അടക്കം) ഇലക്ട്രോണിക് ഫയല്‍ മാനേജ് മെന്റിലേക്ക് മാറ്റി. ലഭിക്കുന്ന എല്ലാ കത്തുകളും സ്വീകരിക്കുന്നതിനും രസീത് നല്‍കുന്നതിനുമായി ഫ്രണ്ട് ഓഫീസ് സംവിധാനം നേരത്തെ തന്നെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൂചിക ഉപയോഗിച്ച് തുടങ്ങിയതോടെ ഏത് ഫയലിന്റെ സ്റ്റാറ്റസും ആര്‍ക്കും വെബ്‌സൈറ്റില്‍  ട്രാക്ക് ചെയ്യാന്‍ കഴിയും. 

date