Skip to main content

മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്; പ്രത്യേക ചികിത്സയ്ക്ക് 102 തസ്തികകൾ

* 15 അധ്യാപക തസ്തികകളും 87 അനധ്യാപക തസ്തികകളും
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് 102 അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 15 അധ്യാപക തസ്തികകളും 87 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിക്കുന്നത്. ഇതിൽ 15 അധ്യാപക തസ്തികകളും അനധ്യാപക തസ്തികകളിൽ ഒരു ഹെഡ് നഴ്സ് ഉൾപ്പെടെ 16 സ്ഥിരം തസ്തികകളാണ് സൃഷ്ടിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പ്രത്യേക ചികിത്സ നൽകുന്നതിന് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് നടപടി. മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തിനായി നേരത്തെ അനുവദിച്ച 106 തസ്തികൾക്ക് പുറമേയാണ് ഇതനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രൊഫസർ (ന്യൂറോ സർജറി) 1, പ്രൊഫസർ (അനസ്തേഷ്യ) 1, അസോ. പ്രൊഫസർ (ന്യൂറോ സർജറി) 1, അസി. പ്രൊഫസർ (ന്യൂറോ സർജറി) 1, അസി. പ്രൊഫസർ (അനസ്തേഷ്യോളജി) 3, അസി. പ്രൊഫസർ (ഫോറൻസിക് മെഡിസിൻ) 1, സീനിയർ റെസിഡന്റ് (ന്യൂറോ സർജറി) 2, സീനിയർ റെസിഡന്റ് (അനസ്തേഷ്യോളജി) 4, സീനിയർ റെസിഡന്റ് (ജനറൽ സർജറി) എന്നിങ്ങനെ 15 അധ്യാപക തസ്തികകളാണ് സൃഷ്ടിച്ചത്.
സ്റ്റാഫ് നഴ്സ് ഗ്രേഡ്-രണ്ട് 40, സാർജന്റ് 1, നഴ്സിംഗ് അസിസ്റ്റന്റ് 5, റേഡിയോഗ്രാഫർ ഗ്രേഡ്-രണ്ട് 1, ഫാർമസിസ്റ്റ് ഗ്രേഡ്-രണ്ട് 2, ലാബ് ടെക്നീഷ്യൻ ഗ്രേഡ്-രണ്ട് 2, ഇ.സി.ജി. ടെക്നീഷ്യൻ ഗ്രേഡ്-രണ്ട് 2, പെർഫ്യൂഷനിസ്റ്റ് 1, മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ്-രണ്ട് 1, ബയോ മെഡിക്കൽ എൻജിനിയർ 1, ക്ലാർക്ക്/ഡാറ്റ എൻട്രി ഓപ്പറേറ്റർ/സൂപ്രണ്ടിന്റെ സി.എ. 2, ഇലക്ട്രീഷ്യൻ 1, ലിഫ്റ്റ് ഓപ്പറേറ്റർ 1, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്-രണ്ട് 20, വാച്ച്മാൻ/സെക്യൂരിറ്റി 5, ഫിസിയോതെറാപ്പിസ്റ്റ് 1 എന്നിങ്ങനെയാണ് അനധ്യാപക തസ്തികകൾ സൃഷ്ടിച്ചത്.  
പി.എൻ.എക്സ്. 2359/2020

date