Skip to main content

ആദിവാസി കോളനികളിലെ വൃക്ഷവത്ക്കരണം പദ്ധതിക്ക് തുടക്കമായി

വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്തം ലക്ഷ്യമാക്കി വനംവകുപ്പ് ആവിഷ്‌കരിച്ച ആദിവാസി കോളനികളിലെ  വൃക്ഷവത്ക്കരണം  പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. വനമഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം നാരകത്തിൻകാല ആദിവാസി കോളനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വൃക്ഷത്തെ നട്ട് വനം മന്ത്രി  അഡ്വ. കെ. രാജു  പദ്ധതി ഉദ്ഘാടനം ചെയ്തു. പട്ടികവർഗവകുപ്പുമായി ചേർന്നു നടപ്പിലാക്കുന്ന വൃക്ഷവൽക്കരണം പദ്ധതിയുടെ  ഭാഗമായി  സംസ്ഥാനത്തെ 488 കോളനികളിൽ 2.18 ലക്ഷം തൈകളാണ് നട്ടുപരിപാലിക്കുക. പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി എ കെ ബാലൻ ചടങ്ങിൽ വിശിഷ്്ടാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തുകളുടെയും ഊരുകൂട്ടങ്ങളുടേയും സഹകരണത്തോടെ വനത്തിനകത്തും പുറത്തുമുള്ള ആദിവാസികോളനികളിൽ ഞാവൽ, പേര, ഇലഞ്ഞി, നീർമരുത്, പ്ലാവ്, ചാമ്പ, ദന്തപാല, അത്തി തുടങ്ങി 17 ഇനം തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.നാരകം, സീതപഴം, കറിവേപ്പ്, ലക്ഷ്മിതരു, പ്ലാവ് എന്നിങ്ങനെ 600 വൃക്ഷത്തൈകളാണ് നാരകത്തിൻകാല സെറ്റിൽമെന്റിൽ നട്ടുപിടിപ്പിക്കുന്നത്.  
വിവിധ ആദിവാസി സെറ്റിൽമെന്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 23 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യാർത്ഥം നൽകുന്ന ടിവികളുടെയും ഡിഷ് ആന്റിനയുടെയും വിതരണവും മന്ത്രി നിർവഹിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ 9 വിദ്യാർത്ഥികൾക്ക് സ്വയം സ്വയംപര്യാപ്തരാകുംവരെ തുടർപഠനത്തിന്പ്രതിമാസം 3000രൂപ  സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ ആദ്യ ഗഡുവും തിരുവനന്തപുരം ഐ ടി ഡി പി  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനിക്ക് നൽകിയ സ്മാർട്ട് ഫോണിന്റെ വിതരണവും മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദിവാസി പ്രമോട്ടർമാർ നൽകുന്ന 50,000 രൂപയുടെ ചെക്ക് അദ്ദേഹം ഏറ്റുവാങ്ങി. ആദിവാസി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം കെ. എസ്. ശബരീനാഥൻ എം.എൽ. യും കോട്ടൂർ ആസ്ഥാനമായ ഗോത്രവനിതാ സ്വയം സഹായസംഘത്തിന്റെ കോട്ടൂർ പെപ്പർ ഉല്പന്നത്തിന്റെ ആദ്യ വിപണനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും നിർവ്വഹിച്ചു. തിരുവനന്തപുരം ഗവ:എൻജിനിയറിങ് കോളേജിലെ പൂർവ വിദ്യാർത്ഥികൾ, ഐ ടി രംഗത്തെ സന്നദ്ധസംഘടനയായ ഗിഫ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് കുട്ടികൾക്ക് സഹായമെത്തിച്ചത്. ചടങ്ങിൽ മുഖ്യ വനം മേധാവി പി.കെ. കേശവൻ സ്വാഗതം പറഞ്ഞു.
പി.എൻ.എക്സ്. 2361/2020

date