Skip to main content

ന്യൂനമര്‍ദ്ദം; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കന്യാകുമാരിക്ക് തെക്ക് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കേരള തീരത്തെത്താന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും തിരമാല 3.8 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിനാല്‍ മാര്‍ച്ച് 15 വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. 
നിലവില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ റവന്യൂ അധികാരികള്‍, പോര്‍ട്ട് അധികൃതര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

date