ആവേശമായി ജന്‍ഡര്‍ ന്യൂട്രല്‍ ഫുട്ബോള്‍ മത്സരം:ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ തോല്‍പ്പിച്ചു
അന്താരാഷ്ട്ര വനിതാദിന വാരാചരണത്തിന്റെ ഭാഗമായി ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്ബോള്‍ പ്രദര്‍ശന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജനപ്രതിനിധികളുടെ ടീം വിജയിച്ചു.
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്യാപ്റ്റനായ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ടീമും സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ക്യാപ്റ്റനായ സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ടീമുമാണ് മത്സരിച്ചത്. രണ്ട് ടീമിലും ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികളുമുണ്ടായിരുന്നു. ഇന്ത്യയില്‍ തന്നെ ലിംഗഭേദമെന്യേ നടത്തുന്ന ആദ്യ ഫുട്ബോള്‍ മത്സരം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ആവേശകരമായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ സിവില്‍ സര്‍വീസ് ടീമിന്റെ റെന്‍ എബ്രഹാം ആദ്യഗോള്‍ നേടി. തുടര്‍ന്ന് വാശിയോടെ മുന്നേറിയ ജനപ്രതിനിധികളുടെ ടീമിലെ ഉസ്മാന്‍ മറുപടി ഗോള്‍ നേടി മത്സരം സമനിലയിലാക്കി. തുടര്‍ന്ന് ജനപ്രതിനിധികളുടെ ടീമിലെ ഉസ്മാന്‍ വീണ്ടും ഗോള്‍ നേടി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജനപ്രതിനിധികളുടെ ടീം ഒന്നാമതെത്തി.
രണ്ടാം പകുതിയില്‍ ജനപ്രതിനിധികളുടെ ടീമിലെ ജോബി മൂന്നാം ഗോള്‍ നേടി. തുടര്‍ന്ന് സിവില്‍ സര്‍വീസ് ടീമിന്റെ നരേന്ദ്ര ബാബു ഗോള്‍ മടക്കിയെങ്കിലും മത്സരത്തിന്റെ സമയം പൂര്‍ത്തിയായി. അങ്ങനെ 3-2ന് ജനപ്രതിനിധികളുടെ ടീം വിജയിച്ചു. എതിര്‍ ടീമിന്റെ ക്യാപറ്റന്‍ ബിജു പ്രഭാകര്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ട്രോഫി സമ്മാനിച്ചു.
ജനപ്രതിനിധികളുടെ ടീമില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, രാജു എബ്രഹാം എം.എല്‍.എ., എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ., എല്‍ദോ എബ്രഹാം എം.എല്‍.എ., കെ. ബാബു എം.എല്‍.എ., റോജി എം. ജോണ്‍ എം.എല്‍.എ., പ്രതിഭാ ഹരി എം.എല്‍.എ., എന്‍. ഇബ്രാഹീം എം.എല്‍.എ., ബിജിമോള്‍ എം.എല്‍.എ., അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദ് പാച്ചേനി, രേഖ, പാര്‍വതി സാഹല്യ, രജിതമോള്‍, ഉസ്മാന്‍, ഹമീദ്, ജോബി, ട്രാന്‍സ്ജെന്‍ഡര്‍മാരായ സൂര്യ, ശ്രീക്കുട്ടി എന്നിവരാണുണ്ടായിരുന്നത്.
സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥരുടെ ടീമിനുവേണ്ടി ഐ.എ.എസ്. ഉദ്യോഗസ്ഥരായ ബിജു പ്രഭാകര്‍, ഗോകുല്‍ ജി, ജീവന്‍ ബാബു, ഗോപാലകൃഷ്ണന്‍, പി.വി. നൂഹ്, ഐ.ആര്‍.എസ് ഉദ്യോഗസ്ഥരായ കൃഷ്ണേന്ദു മിന്റ്, പ്രവീണ്‍ ഗവാസ്‌കര്‍, റെന്‍ എബ്രഹാം, ഐ.എ.എ.എസ് ഉദ്യോഗസ്ഥരായ വിഷ്ണുകാന്ത്, ഡോ. രാഹുല്‍, ഐ.ഐ.എസ്. ഉദ്യോഗസ്ഥ ധന്യ സനല്‍, ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രബാബു, ട്രാന്‍സ്ജെന്‍ഡര്‍മാരായ ശ്രീമയി, ദേവ് എന്നിവര്‍ കളത്തിലിറങ്ങി.
പി.എന്‍.എക്‌സ്.938/18
- Log in to post comments