നിയമസഭാ മാധ്യമ അവാര്‍ഡ്: എന്‍ട്രികള്‍ ക്ഷണിച്ചു
ആര്‍. ശങ്കരനാരായണന്‍ തമ്പി, ഇ.കെ. നായനാര്‍, ജി. കാര്‍ത്തികേയന്‍ എന്നിവരുടെ പേരില്‍ ഏര്‍പ്പെടുത്തിയ നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ക്കു പരിഗണിക്കപ്പെടുന്നതിന് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തിപകരുന്ന മാധ്യമപ്രവര്‍ത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തനം, നിയമസഭാ നടപടികളുടെ റിപ്പോര്‍ട്ടിംഗ് എന്നീ മേഖലകളില്‍ ദൃശ്യ- അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികള്‍ക്കാണ് യഥാക്രമം മൂന്ന് അവാര്‍ഡുകളും.
അച്ചടി, ദൃശ്യ മാധ്യമ വിഭാഗങ്ങള്‍ക്ക് ഓരോന്നിനും മൂന്നു വീതം ആറ് അവാര്‍ഡുകള്‍ നല്‍കും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. 2017 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്ത സൃഷ്ടികള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക.
പരിഗണിക്കപ്പെടേണ്ട റിപ്പോര്‍ട്ടുകളുടെ/ പരിപാടികളുടെ ആറ് പകര്‍പ്പുകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഏപ്രില്‍ അഞ്ചിനകം സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. നിബന്ധനകളും അപേക്ഷാ ഫോറവുമടങ്ങുന്ന വിശദമായ വിജ്ഞാപനം www.niyamasabha.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.942/18
- Log in to post comments