ഓഖി ദുരിതാശ്വാസ പാക്കേജ് ഫണ്ട് ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ
ഓഖി ദുരന്തബാധിതരുടെ പുനരധിവാസത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ച തീരദേശത്തിന്റെ പുനര്‍സൃഷ്ടിക്കുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഫണ്ട് ലഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മത്സ്യബന്ധന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ വ്യക്തമാക്കി. നിയമസഭയില്‍ ഇത് സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുളള മറുപടി നല്‍കുകയായിരുന്നു മന്ത്രി.
പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണത്തിന് 3003 കോടി, തീരദേശ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 650 കോടി, തീരദേശ ആരോഗ്യ സാമൂഹ്യക്ഷേമ മേഖലയ്ക്ക് 465 കോടി, മരണമടഞ്ഞ മത്സ്യത്താഴിലാളികളുടെ ആശ്രിതര്‍ക്കായുളള പ്രത്യേക ധനസഹായ പദ്ധതിക്കായി 12.5 കോടി, മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ജീവനോപാധി ഏര്‍പ്പെടുത്തുന്നതിന് 12.15 കോടി, മരണമടഞ്ഞവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനായി 7.5 കോടി, പരമ്പരാഗത മത്സ്യത്തൊഴിലാളി യാനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് 25 കോടി. മത്സ്യഗ്രാമങ്ങളില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് 500 കോടി, ഫിഷറീസ് സ്‌കൂളുകളുടെ നവീകരണം 100 കോടി, തീരദേശ സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണം 306 കോടി, കമ്മ്യൂണിറ്റി പ്രൊഡക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് 50 കോടി, റസിഡന്‍ഷ്യല്‍ മറൈന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി, ദേശീയ മത്സ്യത്തൊഴിലാളി വികസന സ്ഥാപനത്തിനായി 100 കോടി, മറൈന്‍ ആംബുലന്‍സിനായി 63 കോടി, തീരദേശ പോലീസ് നവീകരണത്തിനായി 35 കോടി, വൈദ്യുതീകരണത്തിന് 537 കോടി, കുടിവെളളത്തിന് 28 കോടി, തീരസംരക്ഷണത്തിന് 323 കോടി, ഹാര്‍ബറുകള്‍ക്കും മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങള്‍ക്കുമായി 25 കോടി എന്നിവ ഉള്‍പ്പെടുത്തിയാണ് 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുളളത്.
പ്രത്യേക പാക്കേജുമായി ബന്ധപ്പെട്ട് യാതൊരു തുകയും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചിട്ടില്ല. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുളള തുക മാത്രമാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് അനുവദിച്ചിട്ടുളളത്. അനുവദിച്ച മൊത്തം തുകയും ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഓഖി ദുരിതാശ്വാസ പ്രത്യേക പാക്കേജിലെ മൊത്തം തുകയും ലഭിച്ചെങ്കില്‍ മാത്രമേ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയില്‍ ഉണ്ടായിട്ടുളള നാശനഷ്ടങ്ങള്‍ പരിഹരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുകയുളളു. ഇതിനായി സംസ്ഥാനം ഒറ്റക്കെട്ടായി നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ സാമൂഹിക പ്രതിനിധികളെയും ഉള്‍പ്പെടുത്തി കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പി.എന്‍.എക്‌സ്.957/18
- Log in to post comments