Skip to main content

ലിംഗസമത്വത്തിനുള്ള ശ്രമങ്ങള്‍ കുടുംബങ്ങളില്‍നിന്ന്  തുടങ്ങണം -ഗവര്‍ണര്‍ പി. സദാശിവം

 

സമൂഹത്തില്‍ ലിംഗസമത്വം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കുടുംബങ്ങളില്‍നിന്ന് ആരംഭിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. വനിതാശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'സധൈര്യം മുന്നോട്ട്' മുദ്രാവാക്യവുമായി നടന്നുവന്ന വനിതാവാരാചരണത്തിന്റെ സമാപനസമ്മേളനം ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലിംഗസമത്വത്തില്‍ നാം ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. സ്ത്രീകളോട് ശക്തരായി സധൈര്യം മുന്നോട്ടുപോകാന്‍ പ്രോത്‌സാഹനം നല്‍കുകയാണ് ഇതിനായി ചെയ്യേണ്ടത്. 

ഭരണഘടനയുള്‍പ്പെടെ ഉറപ്പുനല്‍കുന്ന സാമൂഹ്യനീതിയും സ്ത്രീകള്‍ക്ക് തുല്യപരിഗണനയും അവസരങ്ങളും ഉറപ്പുനല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവകാശങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന കാര്യം സ്ത്രീകള്‍ മനസിലാക്കാന്‍  ആവശ്യമായ പ്രചാരണം നല്‍കണമെന്ന് നീതിനിര്‍വഹണ ഉദ്യോഗസ്ഥരോടുള്ള ആശയവിനിമയങ്ങളില്‍ ആവശ്യപ്പെടാറുണ്ട്. 

സുപ്രീം കോടതി ചീഫ് ജസ്റ്റിസിസായിരുന്ന കാലഘട്ടത്തില്‍ സുപ്രധാന വിധിയിലൂടെ സ്ത്രീ സുരക്ഷയ്ക്കും അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ സംരക്ഷണത്തിനും കൂടുതല്‍ പര്യാപ്തമാക്കുന്ന ഭേദഗതികള്‍ നിയമത്തില്‍ വരുത്താനിടയായ സാഹചര്യവും ഗവര്‍ണര്‍ അനുസ്മരിച്ചു.

സ്ത്രീകള്‍ക്ക് നിയമത്തിന്റെയോ പോലീസിന്റെയോ സഹായം തേടുന്നതിന് ഇപ്പോഴും പേടിയുണ്ട്. നിയമസാക്ഷരത വ്യാപിപ്പിച്ച് ഈ ആശങ്കകള്‍ മാറ്റാനാകണം. സ്ത്രീകളുടെ നിയമശാക്തീകരണത്തിന് നിയമ സഹായം, നിയമസാക്ഷരത, നിയമാവബോധം എന്നിവയും ലോക് അദാലത്തും പ്രോത്‌സാഹിപ്പിക്കപ്പെടണം. സ്ത്രീകളെ ആദരിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരമണെങ്കിലും ശാക്തീകരിച്ച സ്ത്രീകളെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹം ഇന്നും സന്നദ്ധരല്ല. സ്ത്രീശക്തിയെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമങ്ങളാണ് പലയിടത്തുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ സാമൂഹ്യപ്രശ്‌നങ്ങളിലും അധികാരത്തിലുമൊക്കെ ഇടപെടുന്ന സമൂഹമേ നല്ല സമൂഹമാകൂവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യനീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, നിര്‍ഭയ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. നിശാന്തിനി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സ്വാഗതവും കമ്മീഷന്‍ അംഗം ഇ.എം. രാധ നന്ദിയും പറഞ്ഞു.

'സധൈര്യം മുന്നോട്ട്' കാമ്പയിന്റെ ഭാഗമായി 13 പെണ്‍കുട്ടികളുള്‍പ്പെടെ 25 അംഗം സംഘം കാസര്‍കോട് നിന്ന് മാര്‍ച്ച് എട്ടിന് ആരംഭിച്ച സൈക്കിള്‍ റാലിയുടെ സമാപനവും ചടങ്ങില്‍ നടന്നു. വനിതാ ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, എന്‍.എച്ച്.എം, കുടുംബശ്രീ, സാമൂഹ്യസുരക്ഷാ മിഷന്‍, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയവരുടെ സംയുക്ത സഹകരണത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 

പി.എന്‍.എക്‌സ്.958/18

 

date