നീതം- 2018 ജെന്‍ഡര്‍ ക്യാംപയിന്‍; ലിംഗസമത്വ സര്‍വേ ഫലം ചര്‍ച്ച ചെയ്തു
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിലും അതിനെതിരായ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിലും കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന നീതം 2018 ജെന്‍ഡര്‍ കാംപയിന്റെ ഭാഗമായി ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജെന്‍ഡര്‍ ആര്‍.പിമാര്‍ എന്നിവരെ പങ്കെടുപ്പിച്ച് ശിക്ഷക് സദനില്‍ നടന്ന ശില്‍പശാലയില്‍ ഫെബ്രുവരിയില്‍ കുടുംബശ്രീ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ രണ്ടു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത സര്‍വേയിലെ പ്രധാന കണ്ടെത്തലുകളെ കുറിച്ച് ശില്‍പശാല ചര്‍ച്ച ചെയ്തു.
ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നമ്മുടെ സ്ത്രീകള്‍ ഏറെ വളരാനുണ്ടെന്നാണ് കാംപയിന്റെ ഭാഗമായി നടത്തിയ സര്‍വേ ഫലം വ്യക്തമാക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സര്‍വേയുടെ കണ്ടെത്തല്‍ പ്രകാരം 59 ശതമാനം സ്ത്രീകളും പുരുഷനായിരിക്കണം കുടുംബത്തിന്റെ തലവനെന്ന് കരുതുന്നവരാണ്. 52 ശതമാനം സ്ത്രീകളും ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായാലും ഭാര്യ ഭര്‍ത്താവിന്റെ കൂടെ തന്നെ ജീവിക്കേണ്ടവളാണ് എന്ന അഭിപ്രായക്കാരാണ്. 48 ശതമാനം സ്ത്രീകളും കരുതുന്നത് പ്രകോപനപരമായ വസ്ത്രധാരണം ബലാല്‍സംഗം ക്ഷണിച്ചുവരുത്തുമെന്നാണ്.
സ്വാതന്ത്ര്യം, സ്വാശ്രയത്വം, വിശ്രമം, വിനോദം തുടങ്ങിയ അടിസ്ഥാന മാനുഷിക ആവശ്യങ്ങള്‍ ലഭിക്കാറില്ലെന്ന അഭിപ്രായക്കാരാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും. ബന്ധുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമാണ് സ്ത്രീകള്‍ കൂടുതല്‍ അതിക്രമങ്ങള്‍ക്കിരയാവുന്നത്. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്കിരയാവുന്നത് ജോലിസ്ഥലങ്ങളില്‍ വച്ചാണെന്നും സര്‍വേ വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണ്‍ വഴിയുള്ള അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളുമാണ് വലിയ ശല്യം. അതിക്രമങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചത് രണ്ട് ശതമാനത്തില്‍ കുറവ് ആളുകള്‍ മാത്രമാണ്. സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം സ്ത്രീകളും ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യമാരെ മര്‍ദ്ദിക്കുവാനുള്ള അവകാശത്തില്‍ വിശ്വസിക്കുന്നവരാണെന്നും യോഗം ചര്‍ച്ച ചെയ്തു. സ്ത്രീകളുടെ വരുമാനത്തിന്റെ അവകാശി കുടുംബനാഥനാണെന്ന് കരുതുന്നവരാണ് 30 ശതമാനം സ്ത്രീകളുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നതായി യോഗം വിലയിരുത്തി. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ സമൂഹത്തെ ലിംഗസമത്വമെന്ന ആശയത്തിലേക്ക് കൊണ്ടുവരാനാവൂ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ചര്‍ച്ചകള്‍ക്ക് എ.ഐ.ഡി.ഡബ്ല്യു.എ ജില്ലാ സെക്രട്ടറി എം.വി സരള, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, എ.കെ.പി.സി.ടി.എ വനിതാവിഭാഗം കണ്‍വീനര്‍ സി ഗീത, അഡ്വ. ജ്യോതി ധനഞ്ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ നൈല്‍ കോട്ടായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ വാസുപ്രദീപ് സ്വാഗതവും പി.കെ ബിന്ദു നന്ദിയും പറഞ്ഞു.
- Log in to post comments