Skip to main content

കരുനാഗപ്പള്ളി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എല്ലാ ക്ലാസ് മുറികളും ഹൈടെക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലേക്ക് കുതിക്കുമ്പോള്‍ കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതോടെ യു പി മുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി മാറി. പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിന്റെ മികച്ച മാതൃകയായ ഇവിടെ ജൈവവൈവിധ്യ ഉദ്യാനവുമുണ്ട്. ആറ് വര്‍ഷമായി ജില്ലയിലെ മികച്ച ഹരിത വിദ്യാലയം കൂടിയായ സ്‌കൂളിന്  സംസ്ഥാന ഹരിത വിദ്യാലയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
പെണ്‍  സൗഹൃദ വിദ്യാലയം കൂടിയായ ഇവിടെ  വിദ്യാര്‍ഥിനികള്‍ക്കും അമ്മമാര്‍ക്കും കൗണ്‍സിലിംഗ് ഒരുക്കുന്ന 'അമ്മയറിയാന്‍' എന്ന സ്ഥിരം കൗണ്‍സിലിംഗ് സെന്റര്‍, പെണ്‍കുട്ടികള്‍ക്ക് ആയോധനകലയില്‍ പരിശീലനം ഒരുക്കാന്‍ 'പെണ്ണ് ഒരുമ', പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിശ്രമമുറിയും ശുചിമുറിയും നാപ്കിന്‍ ബാങ്കും ഒരുക്കുന്ന 'ഷി കെയര്‍' തുടങ്ങി നിരവധി മാതൃകാപരമായ പദ്ധതികള്‍  നടപ്പാക്കിക്കഴിഞ്ഞു.
2019 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എസ് പി സി സ്‌കൂളിനുള്ള ഐ എസ് ഒ അംഗീകാരം, കലിംഗ ഫെലോഷിപ്പ് അക്കാദമിക് തലങ്ങളില്‍ ഉയര്‍ന്ന നിലവാരം, വി എച്ച് എസ് ഇ പരീക്ഷയില്‍ സ്ഥിരമായി 100 ശതമാനം വിജയം എന്നിവയും കരുനാഗപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രത്യേകതകളാണ്.
കരുനാഗപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസ് മാത്രമല്ല നിയോജക മണ്ഡലത്തിലെ മറ്റു സ്‌കൂളുകളും ഹൈടെക് നിലവാരത്തിലേക്കുയരുകയാണ്. കിഫ്ബി പദ്ധതിയിലൂടെ ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുള്ള സ്‌കൂളിലെ കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. മണ്ഡലത്തിലെ മൂന്ന്               സ്‌കൂളുകള്‍ക്ക് തീരദേശ വികസന അതോറിറ്റി ഫിഷറീസ് വകുപ്പ് വഴി കിഫ്ബി ഫണ്ടും അനുവദിച്ചിട്ടുണ്ട്. കുഴിത്തുറ സര്‍ക്കാര്‍ എച്ച് എസ് എസിന് 1.40 കോടിയും ചെറിയഴീക്കല്‍ സര്‍ക്കാര്‍ വി എച്ച് എസ് എസിന് 1.72 കോടിയും കരുനാഗപ്പള്ളി യു പി ജി എസിന് 2.32 കോടിയുമാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഇതുകൂടി പൂര്‍ത്തിയാവുന്നതോടെ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക് നിലവാരത്തിലേക്ക് ഉയരും.
(പി.ആര്‍.കെ നമ്പര്‍ 2393/2020)

 

date