ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിയമസേവന ക്യാമ്പ് ഇന്ന് (മാര്‍ച്ച് 18)
തിരുവനന്തപുരം ജില്ലാ നിയമസേവന അതോറിറ്റിയുടെയും പോത്തന്‍കോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നിയമസേവന ക്യാമ്പ് സംഘടിപ്പിക്കും. ഇന്ന് (മാര്‍ച്ച് 18) രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് മണി വരെ പോത്തന്‍കോട് ഗവ. യു.പി സ്‌കൂളിലാണ് ക്യാമ്പ്. സംസ്ഥാന സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി ആവാസ് കാര്‍ഡ് ക്യാമ്പില്‍ വിതരണം ചെയ്യും. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ത്വക്ക്, ദന്തം, നേത്രം, നെഞ്ച്, കാര്‍ഡിയോളജി വിഭാഗങ്ങളുടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായ മരുന്ന് വിതരണവും ഒരുക്കിയിട്ടുണ്ട്. ആധാര്‍ രജിസ്‌ട്രേഷനും ആധാര്‍ കാര്‍ഡ് വിതരണത്തിനുമായി അക്ഷയകേന്ദ്രത്തിന്റെ സ്റ്റാളും സജ്ജീകരിച്ചിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകള്‍, ബി.എസ്.എന്‍.എല്‍, മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, എക്‌സൈസ്, പോലീസ്, നിയമ സേവന അതോറിറ്റി, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി തുടങ്ങിയവയുടെ സ്റ്റാളുകളും ക്യാമ്പില്‍ ഉണ്ടായിരിക്കും.
പി.എന്‍.എക്‌സ്.1016/18
- Log in to post comments