Skip to main content

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ല: ഔദ്യോഗിക പ്രഖ്യാപനം 19 ന്

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എല്ലാ ഭക്ഷ്യ ഉത്പാദക വിതരണ സംഭരണ മേഖലകളിലും പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷാ ജില്ലയുടെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 19 ന് തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്ക് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും എം. നൗഷാദ് എം.എല്‍.എ. അധ്യക്ഷനായിരിക്കും.

രാജ്യത്തിന് തന്നെ മാതൃകയായി ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച ആദ്യ ജില്ലയാണ് കൊല്ലം. വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണ് കൊല്ലം ജില്ലയിലുള്ളതെങ്കിലും അവര്‍ മുഴുവനും വിവര ശേഖരണത്തിനായി യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നിട്ടിറങ്ങിയാണ് ഈ സംരംഭം വിജയിപ്പിച്ചത്. ഭക്ഷ്യ ഉത്പാദക വിതരണ വില്‍പന മേഖലയിലെ മുഴുവന്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഇവര്‍ക്കെല്ലാം തന്നെ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നല്‍കുകയും ചെയ്തു.

2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം രാജ്യത്ത് നിലവില്‍ വന്നതോടുകൂടി അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് പ്രത്യേകമായ ഒരു ഭക്ഷ്യസുരക്ഷ വിഭാഗം രൂപീകരിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഈ നിയമം നിലവില്‍ വന്നതോടെ ഭക്ഷ്യമേഖലയിലെ ഉത്പാദക, വിതരണ, വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളും സംരഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ കരസ്ഥമാക്കേണ്ടത് നിയമപരമായ വ്യവസ്ഥയായി മാറി. എന്നാല്‍ ഇത് നേടുന്നതിനുള്ള സമയം ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പലതവണ നീട്ടി നല്‍കിയിരുന്നുവെങ്കിലും ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എത്രയും പെട്ടെന്ന് ഇവയുടെ ലൈസന്‍സ് പൂര്‍ത്തീകരിക്കണമെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിന്റെയടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്താണ് ലൈസന്‍സ് പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ ചെയ്തത്.  ജില്ലാ കളക്ടറുടേയും ജില്ലാ വികസന സമിതികളുടേയും സഹായത്തോടുകൂടിയാണ് കൊല്ലം ജില്ല ആദ്യമായി ഇത് പൂര്‍ത്തിയാക്കിയത്. ജൂണ്‍ മാസത്തോടെ എല്ലാ ജില്ലകളിലും ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. അതോടുകൂടി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഉള്ള ആദ്യ സംസ്ഥാനമായി കേരളം മാറും. 

പി.എന്‍.എക്‌സ്.1023/18

date