സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലെ ജെറിയാട്രിക് വാര്‍ഡുകള്‍ നവീകരിക്കും - മന്ത്രി കെ.കെ. ശൈലജ കണ്ണിയംപുറം ആയുര്‍വേദ സബ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലെ ജെറിയാട്രിക് വാര്‍ഡുകള്‍ നവീകരിക്കുമെന്ന് ആരോഗ്യ - സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കണ്ണിയംപുറം ആയുര്‍വേദ സബ് സെന്‍റര്‍ (പണ്ടാരത്തില്‍ മാധവിക്കുട്ടി അമ്മ മെമ്മോറിയല്‍ ഗവ. ആയുര്‍വേദ ആശുപത്രി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആയുര്‍ദൈര്‍ഘ്യ നിരക്ക് കൂടുതലാണ്. മുതിര്‍ന്ന പൗരന്‍മാരുടെ ജനസംഖ്യാ നിരക്ക് 13 ശതമാനമായി ഉയര്‍ന്നു. ഭൂരിഭാഗം വൃദ്ധജനങ്ങളും ആയുര്‍വേദത്തെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ വൃദ്ധ ജനങ്ങള്‍ക്കായി മികച്ച ചികിത്സ ഉറപ്പാക്കും.
സബ് സെന്‍ററിന്‍റെ തുടര്‍ നവീകരണത്തിനായി എട്ടു കോടി അനുവദിക്കും. ആര്‍ദ്രം മിഷനിലുള്‍പ്പെടുത്തി ഒരു ബ്ലോക്കിലെ ഒരു കുടുംബാരോഗ്യ കേന്ദ്രം വീതം നവീകരിക്കും. ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പില്‍ 4200 തസ്തികകളും ആയുഷ് വകുപ്പില്‍ 120 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. അലോപ്പതി ചികിത്സയ്ക്കൊപ്പം ആയുര്‍വേദ ചികിത്സയ്ക്കും മുന്തിയ പരിഗണനയാണ് നല്‍കുന്നത്. 300 കോടി ചെലവില്‍ കണ്ണൂരില്‍ നിര്‍മിക്കുന്ന ഇന്‍റര്‍നാഷനല്‍ ആയുര്‍വേദ റിസര്‍ച്ച് സെന്‍റര്‍ യാഥാര്‍ഥ്യമാകുന്നതോടെ കേരളം ആയുര്‍വേദ ഹബ്ബായി മാറും. കേരളത്തിന്‍റെ ആയുര്‍വേദ പാരമ്പര്യം ലോകത്തെ പരിചയപ്പെടുത്തുന്നതിനായി മെയ് മാസത്തില്‍ എറണാകുളത്ത് ആയുര്‍വേദ എക്സ്പോ സംഘടിപ്പിക്കും. ജില്ലാ ആശുപതികളിലെ നവീകരണത്തിനായി വികസന മാസ്റ്റര്‍ പ്ലാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുന്‍ എം.എല്‍.എ പി.കെ ഹംസയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ആഴ്ചയില്‍ രണ്ടു ദിവസം ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ സേവനം , ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, അഞ്ചു കിടക്കകള്‍ വീതമുളള സ്ത്രീ-പുരുഷ വാര്‍ഡുകള്‍, മരുന്ന് ഉത്പാദന കേന്ദ്രം, ഫാര്‍മസി, നഴ്സിങ് സ്റ്റേഷന്‍ സൗകര്യങ്ങള്‍ സബ്സെന്‍ററിലുണ്ട്. വൈദ്യശിരോമണി വേലായുധന്‍ വൈദ്യര്‍ സൗജന്യമായി നല്‍കിയ 22.5 സെന്‍റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സജീവ് കുമാര്‍, നഗരസഭാ അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
- Log in to post comments