നിക്ക് ഉട്ടിന്റെ സന്ദര്‍ശനം ആഘോഷമാക്കി അക്ഷരനഗരി
വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതി മാറ്റിയ ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് നിക്ക് ഉട്ടിന്റെ സന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കി അക്ഷര നഗരി. ഇന്നലെ രാവിലെ ഏഴിനു മുമ്പു തന്നെ നിക്ക് ഉട്ടും ലോസ് അഞ്ചലസ് ടൈംസിന്റെ ഫോട്ടോ എഡിറ്ററും ആസ്‌ട്രോ ഫോട്ടോഗ്രാഫറുമായ റൌള്‍ റോയും കോട്ടയം താഴത്തങ്ങാടിയിലെ ചെറിയ പള്ളിയിലെത്തിയിരുന്നു. അക്ഷര നഗരിയിലെ ഫോട്ടോ ജേര്‍ണലിസ്റ്റുകളെല്ലാം നേരത്തെ തന്നെ നിക്കിനെ കാണാന്‍ എത്തിച്ചേര്‍ന്നു. നേരത്തെ നിശ്ചയിച്ചതു പ്രകാരം ഏഴു മണിക്കു തന്നെ പ്രശസ്ത എഴുത്തുകാരി കെ. ആര്‍. മീരയുമെത്തി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസും കെ.ആര്‍ മീരയും ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു. നനുത്ത മഴയുടെ തണുപ്പ് ആസ്വദിച്ച് ആഹ്ലാദത്തോടെ നിക്കും റൌളും ചുറ്റിനടന്ന് ചിത്രങ്ങള്‍ പകര്‍ത്തി. ക്യാമറയുടെ പ്രത്യേകതകള്‍ വിശദീകരിച്ചു. ചെറിയ പള്ളിയുടെ ചരിത്ര പ്രാധാന്യവും നിര്‍മ്മാണത്തിന് അവലംബിച്ചിട്ടുള്ള ക്ഷേത്രമാതൃകയും കെ.ആര്‍. മീര വിശദീകരിച്ചു. പല രാജ്യങ്ങളിലും പോകുമ്പോള്‍ പഴയ പള്ളികള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് നിക്ക്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളുടെ ചിത്രങ്ങള്‍ എടുക്കാറുണ്ട്. ഇവിടെ കണ്ട നിര്‍മ്മാണ മാതൃക വ്യത്യസ്തമാണെന്നും നിക്ക് പറഞ്ഞു. തുടര്‍ന്ന് ജുമാ മസ്ജിദിലേയ്ക്ക്. നിര്‍മ്മാണ മാതൃക വീണ്ടും സംസാര വിഷയമാകുന്നു. കൊടുങ്ങല്ലൂരും കോട്ടയത്തും മാത്രമാണ് ഈ മാതൃകയില്‍ മസ്ജിദ് ഉള്ളതെന്ന വിശദീകരണം. 1300 വര്‍ഷമായി കേരളത്തിന്റെ തനതു ശൈലിയില്‍ പള്ളി സംരക്ഷിക്കപ്പെടുന്നു. വിശാലമായ ഗേറ്റ് കടന്ന് അകത്തെത്തുമ്പോള്‍ കാണാം സൂര്യപ്രകാശത്തിന്റെ തോത് നോക്കി സമയമറിയുന്ന ഘടികാരം. സമീപമിരുന്ന് കുശലാന്വേഷണം. കൗതുകത്തോടെ അടുത്തെത്തിയ നാട്ടുകാരുടെ കൂടെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. ആവേശത്തോടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോജേര്‍ണലിസ്റ്റുകളുടെ ലെന്‍സിന്റെ വിശേഷങ്ങള്‍ തിരക്കുമ്പോള്‍ കാരണവരുടെ ഗൗരവം. തുടര്‍ന്ന് വലിയ പള്ളിയിലേയ്ക്ക്. ചരിത്ര പ്രധാനമായ പേര്‍ഷ്യന്‍ കുരിശിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം രവി ഡി.സി.യുടെ വീട്ടിലേയ്ക്ക് യാത്ര.
ഡിസി കിഴക്കേമുറിയുടെ 1973 മോഡല്‍ കറുത്ത അമ്പാസഡര്‍ കാറിനു മുന്നില്‍ ഫോട്ടോ പോസ്. തുടര്‍ന്ന് വീടിനകത്തേയ്ക്ക്. അക്ഷര നഗരിയുടെയും കേരളത്തിന്റെയും പ്രസാധക ചരിത്രം ഡിസി രവി വിശദീകരിച്ചു. ഡിസി കിഴക്കേമുറിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയ്ക്കു മുന്നില്‍ പോസു ചെയ്യുന്നു. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഗാന്ധിജിയുടെയും നെഹ്രുവിന്റെയും കൂടിക്കാഴ്ചയുടെ പ്രശസ്തമായ ചിത്രം നോക്കി തന്റെ സുഹൃത്താണ് ഫോട്ടോ എടുത്തതെന്ന് അറിയിക്കുന്നു. തൊടിയിലൂടെ നടക്കുമ്പോള്‍ പ്ലാവില്‍ വിളഞ്ഞു നില്‍ക്കുന്ന ചക്ക പഴുത്തതാണോ എന്ന് അന്വേഷണം. പ്രഭാത ഭക്ഷണത്തിനു ശേഷം ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാന്‍ ഡിസി കിഴക്കേമുറിയുടെ അമ്പാസഡര്‍ കാറില്‍ ഡിസി ബുക്‌സിലേയ്ക്ക്. മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും സംബോധന ചെയ്ത ശേഷം മലയാള മനോരമ സന്ദര്‍ശിക്കുന്നു.
മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, കുടുംബാംഗങ്ങള്‍, മാനേജിംഗ് എഡിറ്റര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിക്കിനെ സ്വീകരിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെയ അബ്ദുള്‍ റഷീദ് സന്നിഹിതനായിരുന്നു. വാര്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്ന നിലയിലുള്ള അനുഭവങ്ങള്‍ നിക്ക് ചീഫ് എഡിറ്ററുമായി പങ്കു വച്ചു. മലയാള മനോരമയുടെ ചരിത്രം ചീഫ് എഡിറ്റര്‍ വിശദികരിച്ചു. തുടര്‍ന്ന് രാജ്യമൊട്ടുക്കു നിന്നും നിക്കിനെ കാണാന്‍ എത്തിയ മനോരമ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ അഭിസംബോധന ചെയ്യുന്നു. തുടര്‍ന്ന് ഫോട്ടോ ജേര്‍ണലിസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, ചോദ്യങ്ങള്‍. യുദ്ധ ഭീകരത പകര്‍ത്തുന്ന വാര്‍ ഫോട്ടോഗ്രാഫറുടെ മാനസികാവസ്ഥ നിക്ക് വിശദീകരിച്ചു. താന്‍ പകര്‍ത്തിയ യുദ്ധ ചിത്രങ്ങളുടെ സ്ലൈഡുകള്‍ വിശദീകരിക്കുന്നു. വിയറ്റ് നാം യുദ്ധത്തിന്റെ നേര്‍ക്കാഴ്ചയായ ചിത്രങ്ങള്‍ പ്രത്യേകമായി വിശദീകരിക്കുന്നു. തുടര്‍ന്ന് ആസ്‌ട്രോ ഫോട്ടോഗ്രാഫിയുടെ സവിശേഷതകളും സാങ്കേതികതയും റൌള്‍ റോ സചി്ര്രതം വിശദീകരിക്കുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം അരുന്ധതി റോയുടെ വസതിയിലേയ്ക്ക് യാത്ര.
തുടര്‍ന്ന് പ്രസ് ക്ലബിലേയ്ക്ക്. മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമ വിദ്യാര്‍ത്ഥികളുടെയും ആവേശങ്ങള്‍ക്കു നടുവില്‍ അഭിസംബോധന. കെ.ആര്‍. മീര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് നിക്കിനെയും റൌളിനെയും പരിചയപ്പെടുത്തി. കോട്ടയം ആവേശകരമായ അനുഭവം എന്ന് സാക്ഷ്യപ്പെടുത്തല്‍. നാപാം പെണ്‍കുട്ടിയുമായി അടുത്ത വര്‍ഷം വീണ്ടുമെത്തും എന്ന ഉറപ്പു നല്‍കി വാഗമണിലേയ്ക്ക്.
സംസ്ഥാനത്തിന്റെ അതിഥിയായാണ് നിക്കും റൗളും കോട്ടയത്ത് എത്തിയത്. രാവിലെ എഴുത്തുകാരി കെ.ആര്‍. മീരയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് നിക്കും റൌളും കോട്ടയത്ത് എത്തിയത്. പിആര്‍ഡി ഒഫിഷ്യല്‍ രാജേഷ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ എന്നിവര്‍ അതിഥികളെ അനുഗമിച്ചു.
- Log in to post comments