Skip to main content

സര്‍ക്കാര്‍  ജനകീയ കൂട്ടായ്മകളിലൂടെ വീടുകള്‍ പൂര്‍ത്തിയാക്കി ലൈഫ് മിഷന്‍ പദ്ധതി ജില്ലയില്‍ മുന്നേറുന്നു

    എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിയില്‍ ജനകീയ കൂട്ടായ്മകളിലൂടെ നിരവധി വീടുകള്‍ പൂര്‍ത്തിയാക്കി ജില്ല സംസ്ഥാനത്തിന് മാതൃകയാകുന്നു.  
ആറന്മുള ഗ്രാമപഞ്ചായത്തിലെ ശ്യാമളാ വാസുവിന് 2015-16 ല്‍ എഎവൈ പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിന് അനുമതി ലഭിച്ചിരുന്നു. സര്‍ക്കാര്‍ അനുദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് വീട് പൂര്‍ത്തിയാക്കുവാന്‍ കഴിയില്ലെന്ന് അറിയാമെങ്കിലും അടച്ചുറപ്പുള്ള വീട് നിര്‍മിക്കുക എന്ന സ്വപ്നവുമായി ഈ കുടുംബം മുന്നോട്ടു നീങ്ങി. വാഹന സൗകര്യമില്ലാത്തതിനാല്‍ 200 മീറ്റര്‍ അകലെയുള്ള സ്ഥലത്തുനിന്നും കെട്ടിട നിര്‍മാണ സാമഗ്രികള്‍ തലച്ചുമടായി എത്തിക്കുകയായിരുന്നു. കട്ടിളനിരപ്പ് വരെ എത്തിയ വീട് പണി സാമ്പത്തിക പരാധീനത മൂലം  ഉപേക്ഷിക്കേണ്ടി വന്നു. കൂലിപ്പണി ചെയ്ത് കിട്ടുന്ന തുകയില്‍ നിന്ന് മിച്ചം പിടിച്ച് വീട് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കവേ ഗൃഹനാഥന്റെ അസുഖം കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു. ഇരു കണ്ണുകളുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട  ഗൃഹനാഥന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി മകന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരത്തില്‍ അങ്ങേയറ്റം പരാധീനതകള്‍ നേരിട്ട സമയത്താണ് സര്‍ക്കാര്‍ ലൈഫ് പദ്ധതി പ്രഖ്യാപിച്ചത്. സ്വന്തമായി വീടെന്ന സ്വപ്നം മനസ്സില്‍ സൂക്ഷിച്ചിരുന്ന കുടുംബത്തിന് ഇത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി. ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കാനുള്ള വീടുകളുടെ പട്ടികയില്‍ ശ്യാമളയുടെ പേര് ഉള്‍പ്പെട്ടു. 190000 രൂപ നേരെത്തേ കൈപ്പറ്റിയിരുന്ന അപേക്ഷകയ്ക്ക് 20000 രൂപ മാത്രമേ നല്‍കുവാന്‍ കഴിയുമായിരുന്നുള്ളൂ.  ആനുപാതിക വര്‍ധനവിലൂടെ ലഭിക്കുന്ന 20000 രൂപ കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നില്ല. വാര്‍ഡ് മെമ്പറായ രമാദേവിയുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃ    ത്വത്തില്‍ കര്‍മസമിതി മുന്നിട്ടിറങ്ങി സ്വരൂപിച്ച 14000 രൂപയും വാര്‍ഡ് മെമ്പര്‍ വാങ്ങി നല്‍കിയ 600 കട്ടകളും നിര്‍മാണം തുടരുന്നതിന് സഹായിച്ചു. വാര്‍ഡ് അംഗം നടത്തിയ നിരന്തരമായ ഇടപെടലിലൂടെ എറണാകുളം ക്രൈസ്റ്റ് ചിന്താ മാഗസിന്‍ വഴി 1.5 ലക്ഷം രൂപയും ചെങ്ങന്നൂരിലെ ഇന്‍ഡോ-അമേരിക്കന്‍ ക്ലബ് 24300 രൂപയും നല്‍കിയതോടെ ശ്യാമളയുടെ വീടെന്ന സ്വപ്നത്തിന് സാക്ഷാത്കാരമായി. വാര്‍ഡ് മെമ്പറും കുടുംബശ്രീ പ്രവര്‍ത്തകരും ഉദേ്യാഗസ്ഥരും നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ മഹത്തായ ഉദ്യമം വിജയിച്ചത്. 
    മാടക്കട നടത്തി ഉപജീവനം നടത്തുന്ന ഇലന്തൂര്‍ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന എം.എന്‍ വിശ്വനാഥന് റവന്യു റിക്കവറി മൂലം സര്‍ക്കാര്‍ അനുവദിച്ച ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആറ് വര്‍ഷം മുമ്പ് 80000 രൂപ കൈപ്പറ്റി അടിത്തറ പൂര്‍ത്തീകരിച്ചു. മകളുടെ വിവാഹം, കുടുംബാംഗങ്ങളുടെ രോഗം ഇവ മൂലം ഭവനനിര്‍മാണം തുടര്‍ന്ന് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിശ്വനാഥന്‍ ജില്ലാ കളക്ടറെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചത്. വിശ്വനാഥന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ കളക്ടര്‍ ലൈഫ് ഭവന പദ്ധതിയുടെ ജില്ലാ മേധാവിയായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറോട് അടിയന്തര നടപടികള്‍ക്ക് നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ പേരിലുള്ള റവന്യു റിക്കവറി ഒഴിവാക്കി നല്‍കി. തുടര്‍ന്ന് ഇലന്തൂര്‍ വിഇഒ വിവരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ ധരിപ്പിച്ചു. പഞ്ചായത്ത് 240000 രൂപ അടങ്കല്‍ തുകയുള്ള പദ്ധതി തയാറാക്കി ജില്ലാ ആസൂത്രണ സമിതിയില്‍ സമര്‍പ്പിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ അംഗീകാരം നല്‍കി. രണ്ടാഴ്ച കൊണ്ട് പ്രോജക്ട് തയാറാക്കല്‍, പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരം, സ്ഥിരംസമിതിയുടെ അംഗീകാരം, പ്രോജക്ട് വെറ്റിംഗ്, ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം എന്നിവ നേടിയെടുത്തു. മാര്‍ച്ച് ഒന്നിന് കരാര്‍ വച്ച് മുന്‍കൂര്‍ തുകയായി മാര്‍ച്ച് മൂന്നിന് 80000 രൂപ നല്‍കി വീട് നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരി ക്കാന്‍ കോണ്‍ട്രാക്ടര്‍ ജയറാമിന് വിഇഒ നിര്‍ദേശം നല്‍കി. മാര്‍ച്ച് 19ന് വീടിന്റെ മേല്‍ക്കൂരയുടെ വാര്‍പ്പ് നടത്തി. കൈവിട്ടുപോയ ജീവിതമാണ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ വിശ്വനാഥന് തിരികെ ലഭിച്ചത്. പത്തോളം പേര്‍ ഉള്‍പ്പെട്ട വിശ്വനാഥന്റെ കുടുംബം വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന കൂരയിലായിരുന്നു താമസം. ഒരു മാസത്തിനുള്ളില്‍ പുതിയ വീട്ടിലേക്ക് താമസം മാറുന്ന സന്തോഷത്തിലാണ് വിശ്വനാഥനും കുടുംബവും.
    കോയിപ്രം പഞ്ചായത്തിലെ ജോളി ജയിംസിന് 2013-14 ല്‍ ഐഎവൈ പദ്ധതി പ്രകാരം വീട് ലഭിച്ചിരുന്നു. എന്നാല്‍ ക്യാന്‍സര്‍ രോഗിയായ ഇവര്‍ക്ക് വീട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 365000 രൂപയും പിഎന്‍ബി കുമ്പനാട് ശാഖയില്‍ നിന്നും ലഭിച്ച 15000 രൂപയും ചേര്‍ത്ത് വീട് നിര്‍മാണം പൂര്‍ത്തിയാക്കി വരുന്നു. 
    സൈക്കിള്‍ വര്‍ക് ഷോപ്പ് നടത്തി ഉപജീവനം നടത്തുന്ന പുറമറ്റം ഗ്രാമപഞ്ചായത്തിലെ കെ.റ്റി.രാജപ്പനും ഭാര്യയും വര്‍ഷങ്ങളായി കടത്തിണ്ണയിലായിരുന്നു കഴിഞ്ഞിരുന്നത്. 2013-14 ല്‍ ഐഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭിച്ചിരുന്നുവെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ആളിനെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനലിന്റെയും വാര്‍ഡ് മെമ്പറുടെയും വിഇഒമാരായ ജിജേഷ്, രമ്യ മോള്‍ എന്നിവരുടെയും ശ്രമഫലമായി വീട് പൂര്‍ത്തീകരിച്ച് നല്‍കി. 
                                             
 

date