Skip to main content
ccrc

കാന്‍സര്‍ സെന്റര്‍ നിര്‍മാണം: നിലമൊരുക്കലിന് തുടക്കം മെയ് അവസാനവാരം കെട്ടിടനിര്‍മാണം

 

കൊച്ചി: മേഖല കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ കെട്ടിട സമുച്ചയ നിര്‍മാണത്തിന് മുന്നോടിയായി നിലമൊരുക്കലിന് തുടക്കം. കളമശ്ശേരിയിലെ സെന്റര്‍ ക്യാമ്പസില്‍ ഇന്നലെ നിലമൊരുക്കലിന് സാക്ഷ്യം വഹിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയും എത്തിയിരുന്നു. 12.3 ഏക്കറില്‍ നിര്‍മിക്കുന്ന കെട്ടിടസമുച്ചയത്തിനായി നിലമൊരുക്കുന്നതിന് 4.6 കോടി രൂപയാണ് ചെലവ്. നാല് മാസം കൊണ്ടാണ് നിലമൊരുക്കല്‍ പൂര്‍ണമാകുകയെങ്കിലും രണ്ട് മാസത്തിനകം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്ന് കളക്ടര്‍ പറഞ്ഞു.

അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ അടുത്തയാഴ്ച്ച പ്രസിദ്ധീകരിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടു മാസത്തിനൊക്കം കരാര്‍ നല്‍കുകയാണ് ലക്ഷ്യം. മെയ് അവസാനത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കളക്ടര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കാന്‍സര്‍ സെന്റര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. കാന്‍സര്‍ സെന്ററിനെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മന്ദിര സമുച്ചയം ഉള്‍പ്പെടെ അടിസ്ഥാനസൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 379.73 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

നാനൂറ് രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള കാന്‍സര്‍ സെന്ററില്‍ പ്രതിദിനം 800 രോഗികള്‍ക്കുള്ള ഔട്ട്‌പേഷ്യന്റ് സൗകര്യവുമുണ്ടാകും. ഇതിന് പുറമെ കീമോ ചികിത്സയ്ക്കായി 50 ബെഡുകള്‍ നീക്കിവയ്ക്കും. ശസ്ത്രക്രിയകള്‍ക്കായി എട്ട് തീയേറ്ററുകള്‍, സുസജ്ജമായ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം, റേഡിയേഷന്‍ ഓങ്കോളജി, ലിനാക് യന്ത്രങ്ങള്‍ എന്നിവ അടക്കമുള്ള ആധുനിക കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളും കൊച്ചി കാന്‍സര്‍ കേന്ദ്രത്തിലുണ്ടാകും.

മെഡിക്കല്‍, സര്‍വീസസ്, അഡ്മിനിസ്‌ട്രേഷന്‍, പാലിയേറ്റീവ് എന്നീ നാലു കെട്ടിടസമുച്ചയങ്ങള്‍ പരിസ്ഥിതി സൗഹൃദ സങ്കേതങ്ങള്‍ അവലംബിച്ചാണ് പണിതുയര്‍ത്തുക. കേന്ദ്രീകൃത എയര്‍ കണ്ടീഷനിങ്, 24 മണിക്കൂര്‍ വൈദ്യുതി, ജലസംഭരണികള്‍, 350 കാറുകള്‍ക്കുള്ള പാര്‍ക്കിങ്, 15 ലിഫ്റ്റുകള്‍ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. ആധുനികമായ ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, എമര്‍ജന്‍സി - കാഷ്വല്‍റ്റി വിഭാഗങ്ങള്‍, കമ്മ്യൂണിറ്റി ഓങ്കോളജി, സാന്ത്വന ചികിത്സ, ലൈബ്രറി, കാന്‍സര്‍ രജിസ്ട്രി എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

കാന്‍സര്‍ സെന്ററിന്റെ ഔട്ട്‌പേഷ്യന്റ് വിഭാഗം 2016 നവംബര്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഔട്ട്‌പേഷ്യന്റ് വിഭാഗം  പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 3900 രോഗികള്‍ ചികിത്സ തേടി. സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോപതോളജി എന്നീ വിഭാഗങ്ങളിലാണ് രോഗികള്‍ ചികിത്സ തേടിയെത്തിയത്. പത്ത് മെഡിക്കല്‍ ക്യാമ്പുകളും കാന്‍സര്‍ സെന്റര്‍ ഒരു വര്‍ഷത്തിനിടെ നടത്തി. മെഡിക്കല്‍ ക്യാമ്പുകളില്‍ ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള പാപ് സ്മിയര്‍ ടെസ്റ്റിന്റെ പ്രയോജനം 500 വനിതകള്‍ക്ക് ലഭിച്ചു. സ്തനാര്‍ബുദം കണ്ടെത്തുന്നതിന് 600 വനിതകളിലും പരിശോധന നടത്തി. തല, കഴുത്ത് എന്നീ ഭാഗങ്ങളില്‍ അര്‍ബുദമുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്ക് 1500 പേരുമെത്തി. 

കാന്‍സര്‍ സെന്ററിലെ ആറു കിടക്കളുള്ള കിമോ വാര്‍ഡില്‍ ഒരു വര്‍ഷം കൊണ്ട്  650 കീമോതെറാപ്പികള്‍ നടത്തി. ഹെഡ് ആന്റ് നെക്ക് എന്‍ഡോസ്‌കോപ്പി, പതോളജി  ലാബറട്ടറി സേവനങ്ങള്‍ എന്നിവയ്ക്കുള്ള സൗകര്യവും കാന്‍സര്‍ സെന്ററിലുണ്ട്. സൈറ്റോളജി, സ്ലൈഡ് റിവ്യൂ, പെരിഫറല്‍ സ്മിയര്‍ ആന്റ് ബോണ്‍ മാരോ, ബയോകെമിസ്ട്രി തുടങ്ങിയവ ലാബ് സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കായി കാന്‍സര്‍ സെന്ററില്‍ വിഗ് ബാങ്കും 2017 നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് സൗജന്യമായാണ് വിഗ് നല്‍കുന്നത്.

കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആറ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പുകയില വിരുദ്ധ പ്രചാരണം സംഘടിപ്പിക്കാനും കാന്‍സര്‍ സെന്റര്‍ മുന്നിട്ടിറങ്ങി. കളമശ്ശേരിയിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികളും ക്യാമ്പുകളും സംഘടിപ്പിക്കാനായതും കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനനേട്ടത്തില്‍ ഉള്‍പ്പെടുന്നു. ഐസിഎംആര്‍ നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമില്‍ അംഗമാകാനും കാന്‍സര്‍ സെന്ററിന് കഴിഞ്ഞു. ടാറ്റ മെമ്മോറിയല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രധാന കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, രോഗീ ഗ്രൂപ്പുകള്‍, സന്നദ്ധസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട നാഷണല്‍ കാന്‍സര്‍ ഗ്രിഡിലും കൊച്ചി കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചികിത്സ, ഗവേഷണം എന്നിവയില്‍ പൊതുമാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗ്രിഡിന് രൂപം നല്‍കിയിരിക്കുന്നത്.

കാന്‍സര്‍ സെന്ററില്‍ ഡിജിറ്റല്‍ മാമോഗ്രാം ആന്റ് മൈക്രോടോം സജ്ജമാക്കുന്നതിന് സി.പി. നാരായണന്‍ എം.പിയുടെ വികസന ഫണ്ടില്‍ നിന്നും 1.5 കോടി രൂപ അനുവദിച്ചതാണ് മറ്റൊരു ചുവടുവയ്പ്. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയും തന്റെ ഫണ്ടില്‍ നിന്നും 27 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് സാമൂഹ്യപ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയും 88 ലക്ഷം രൂപ കാന്‍സര്‍ സെന്ററിന് അനുവദിച്ചു.

കാന്‍സര്‍ സെന്ററിലേക്കുള്ള ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സമീപത്തെ മെട്രോ സ്‌റ്റേഷനിലേക്ക് പത്തോളം കെ.എസ്.ആര്‍.ടി.സി ബസുകളും നിലവില്‍ സര്‍വീസ് നടത്തുന്നു. കാരുണ്യ ചികിത്സാ സഹായ പദ്ധതിയില്‍ അംഗത്വം നേടിയതോടെ ഇതിന്റെ പ്രയോജനവും കൊച്ചി കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിയെത്തുന്ന അര്‍ഹരായ രോഗികള്‍ക്ക് ലഭിക്കുന്നുണ്ട. സെന്ററിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ഇ ഹെല്‍ത്ത് ആന്റ് ഡിജിറ്റല്‍ ഫയല്‍ പ്രൊസസിങിനും തുടക്കം കുറിച്ചു. കാന്‍സര്‍ സെന്ററില്‍ വിപുലമായ ശസ്ത്രക്രിയാ സൗകര്യം സജ്ജമാകുന്നതു വരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ തീയേറ്ററുകള്‍ ഉപയോഗിക്കാനും ധാരണയിലെത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കളമശ്ശേരി നഗരസഭ എന്നിവയുമായി സഹകരിച്ച് മാലിന്യ നിര്‍മാര്‍ജ്ജനത്തിനും കാന്‍സര്‍ സെന്റര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

 

പടം ക്യാപ്ഷന്‍

കൊച്ചി കാന്‍സര്‍ സെന്റിന്റെ നിര്‍മാണത്തിന് മുന്നോടിയായി ആരംഭിച്ച നിലമൊരുക്കലിന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മേല്‍നോട്ടം വഹിക്കുന്നു.

date