Skip to main content

ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് ഒരുക്കിയത് മികച്ച അവസരം- മുഖ്യമന്ത്രി

ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് മികച്ച അവസരമാണ് ഒരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ ഇൻറർനെറ്റിന്റെ കാലമായതിനാൽ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ എല്ലാവർക്കും ഇതിൽ പ്രാവീണ്യം നേടാനായത് ഭാവിയിൽ വലിയ തോതിൽ ഉപകരിക്കും. കുഞ്ഞുനാളിൽത്തന്നെ ഓൺലൈൻ വിദ്യാഭ്യാസം നേടാനായ സാഹചര്യം ഭാവിയിൽ കുട്ടികൾക്ക് ഇക്കാര്യത്തിന് ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് ഒരർഥത്തിൽ ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണ്. കുട്ടികളുടെ സ്‌കൂൾ യാത്ര, സ്‌കൂളിലെ പഠനം ഒക്കെ ഓരോ കുട്ടിക്കും പുതിയ അനുഭവങ്ങൾ പകരുന്നതായിരുന്നു. കുറേ മാസങ്ങളായി അത് അസാധ്യമായി. എന്നാൽ, പഠനം മുടങ്ങാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും പുലർത്തി ഓൺലൈൻ വിദ്യാഭ്യാസം നല്ല നിലയ്ക്ക് സംഘടിപ്പിക്കാൻ നമുക്കായി.
ഓൺലൈനിൽ മാത്രം വിദ്യാഭ്യാസം നടത്താൻ കുട്ടികളാരും ആഗ്രഹിക്കുന്നില്ല. കോവിഡെന്ന മഹാമാരി നല്ല തോതിൽ നിയന്ത്രിക്കപ്പെട്ടാൽ ആ ഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂൾ തുറക്കും. എപ്പോഴെന്ന് ഇപ്പോൾ പറയാനാകില്ല.  
കേരളത്തിൽ നല്ല നിലയ്ക്ക് മഹാമാരിയെ നിയന്ത്രിക്കാനായെങ്കിലും പലവിധ കാരണങ്ങളാൽ കോവിഡ് വ്യാപിക്കുന്ന നിലവന്നു. അതു കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് നാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതുകാര്യവും തെറ്റായി ഉപയോഗിച്ചാൽ അതിന്റെ ദൂഷ്യം വലുതാണ്. അതുകൊണ്ടുതന്നെ ഇൻറർനെറ്റിന്റെ ദുരുപയോഗകാര്യത്തിൽ നാം ജാഗ്രത പാലിക്കണം. കുഞ്ഞുങ്ങളും, ഒപ്പം മാതാപിതാക്കളും ഇക്കാര്യം ശ്രദ്ധിക്കണം. തനിക്കും സമൂഹത്തിനും ദൂഷ്യങ്ങളുണ്ടാക്കുന്ന കാര്യങ്ങളിലേക്കൊന്നും കടക്കുന്നില്ലെന്ന് ഉറപ്പാക്കണം. തുറന്ന സ്ഥലങ്ങളിലോ മുറികളിലോ വെച്ച് ഇൻറർനെറ്റ് ഉപയോഗിക്കാൻ വിദ്യാർഥികൾക്കാകണം. അത്തരമൊരു ശീലം വളർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഇൻർനെറ്റ് വഴി പല രീതിയിലുള്ള അപകടങ്ങളിൽ കുഞ്ഞുങ്ങൾ പെട്ടതിന്റെ വാർത്തകൾ പലഘട്ടങ്ങളിലും നമ്മെ അസ്വസ്ഥരാക്കിയിരുന്നു. അതൊഴിവാക്കാൻ ഇത്തരം ശീലങ്ങൾ സഹായിക്കും.
കുട്ടികളുടെ സംരക്ഷണത്തിന് അതീവ പ്രാധാന്യമാണ് നമ്മുടെ സമൂഹം നൽകുന്നത്. മറ്റേതൊരു സംസ്ഥാനത്തിനും മുന്നിൽനിൽക്കുന്ന പുരോഗമന സ്വഭാവം ആർജിക്കാൻ നമ്മുടെ സമൂഹത്തിനായിട്ടുണ്ട്. രാജ്യത്തിന്റെ ചിത്രമെടുത്താൽ ഒട്ടേറെ ദുരിതമനുഭവിക്കുന്ന കുട്ടികളെ കാണാനാകും. കുഞ്ഞുനാളിൽ അനുഭവിക്കേണ്ട സ്‌നേഹം, വാൽസല്യം, സംരക്ഷണം തുടങ്ങിയവ നഷ്ടപ്പെട്ടുപോയ കുട്ടികൾ എണ്ണത്തിൽ കൂടുതലാണ് രാജ്യത്ത്. വിദ്യാഭ്യാസത്തിന് കഴിയാതെ പല അതിക്രമങ്ങൾക്കിരയാകുന്നവരും വലിയതോതിലുണ്ട്. ഈ ദുരവസ്ഥ പൊതുവിൽ കേരളത്തിലില്ല. ഒറ്റപ്പെട്ട തോതിൽ സംഭവങ്ങളുണ്ടായാൽ അതിനെതിരെ നമ്മുടെ സമൂഹം പ്രതികരിക്കും.
ഓരോ കുട്ടിക്കും തന്റെ ബാല്യം ശരിയായി ഉപയോഗിച്ചു വളർന്നുവരാനാകുന്ന സാഹചര്യം സൃഷ്ടിക്കാനാണ് കേരളത്തിൽ ആകാവുന്നതെല്ലാം ചെയ്യുന്നത്.
നമ്മുടെ സമൂഹത്തിലും മയക്കുമരുന്ന് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുണ്ട്. സമൂഹത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടുത്താൻ മയക്കുമരുന്നിനാകും. വകുപ്പുകൾ അതിനെതിരെ സ്തുത്യർഹ പങ്ക് വഹിക്കുന്നുണ്ട്.
അതോടൊപ്പം സ്‌കൂളുകളിലെ അധ്യാപകർ, അധ്യാപക-രക്ഷാകർതൃസമിതി, കുട്ടികൾ, സ്റ്റഡൻറ് പോലീസ്, എൻ.എസ്.എസ് തുടങ്ങി വിവിധതലങ്ങളിലെ ഇടപെടൽ ഉണ്ടാകണം. കുട്ടികളെ മയക്കുമരുന്നു വാഹകരാക്കാനുള്ള നീക്കം റാക്കറ്റുകളുടെ ഭാഗത്തുനിന്നുണ്ട്. സ്‌കൂളും പരിസരവും പൂർണമായും ഇതിൽനിന്ന് മോചനം നേടാൻ സാഹചര്യമൊരുക്കണം.
നമ്മുടെ സമൂഹം പുരോഗമന സ്വഭാവമുള്ളതാണെങ്കിലും കുട്ടികൾ അവിചാരിതമായ പ്രശ്‌നങ്ങളിൽപ്പെട്ട് വലിയ മാനസിക തകർച്ചനേരിടുന്ന അവസ്ഥയുണ്ട്. ഇതുനാം ഗൗരവമായി കാണണം. ഇക്കാര്യത്തിൽ വീടിന്റെ അന്തരീക്ഷവും രക്ഷിതാക്കളുടെ ശ്രദ്ധയും സ്‌കൂളിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധയും വേണം.
ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തോടെയും കുട്ടികൾക്ക് വളരാനാകണം. ഇതിനാണ് സ്‌കൂളുകളിൽ കുട്ടികൾക്ക് മെൻറർ ടീച്ചറും കൗൺസിലിംഗ് സംവിധാനവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.4016/2020

 

date