Skip to main content
Childrens day rally Ernakulam

ശിശുദിന റാലി

കൊച്ചി: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനറാലിയും സമ്മേളനവും നടത്തി. രാജേന്ദ്രമൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുളള ഫ്‌ളാഗ് ഓഫ് ചെയ്തു. അതിനു ശേഷം ഗാന്ധിയന്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. 18 സ്‌കൂളുകളില്‍ നിന്ന് 4000 കുട്ടികള്‍ പങ്കെടുത്ത വര്‍ണശബളമായ റാലി പാര്‍ക്ക് അവന്യൂ വഴി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ സമാപിച്ചു. 

യു.പി വിഭാഗത്തില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെ ചാച്ചാ നെഹ്രു എറണാകുളം ഗവ:ഗേള്‍സ് യു.പി. സ്‌കൂളിലെ കുമാരി ലക്ഷ്മി അനിലിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പൊതു സമ്മേളനം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. എല്‍.പി വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച വടുതല സെന്റ് പീറ്റേഴ്‌സ് എല്‍.പി.എസിലെ മാസ്റ്റര്‍ നിവേദ് അനില്‍, യു.പി വിഭാഗത്തില്‍ പ്രസംഗമത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച എറണാകുളം സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ് ലെ കുമാരി ആന്‍ മരിയ, എല്‍.പി വിഭാഗത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച എറണാകുളം ജി.എല്‍.പി സ്‌കൂളിലെ കുമാരി ദേവപ്രിയ ടിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

അസി. കളക്ടര്‍ ഈശപ്രിയ, ചൈല്‍ഡ് ലൈന്‍  ഡയറക്ടര്‍ ഫാദര്‍ വി.ജെ.ടോമി, എ.ഇ.ഒ  മുഹമ്മദ്കുഞ്ഞ്, അസി. ഡവലപ്‌മെന്റ് കമ്മീഷണറും ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറിയുമായ എസ്. ശ്യാമലക്ഷ്മി എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല മത്സരങ്ങള്‍ക്കുളള വിജയികള്‍ക്കും, മികച്ച റാലിക്കുമുളള സമ്മാനങ്ങളും നല്‍കി.

date