Skip to main content

വീടുകളെ ക്ലസ്റ്ററുകളാക്കി വീയപുരത്തെ കോവിഡ് പ്രതിരോധം

 

ആലപ്പുഴ : വീടുകളെ ക്ലസ്റ്ററുകളാക്കി തിരിച്ചു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുകയാണ് വീയപുരം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലും ഇത്തരത്തില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഓരോ വാര്‍ഡ് പരിധിയിലും 50 വീടുകളുള്ള മൂന്നോ നാലോ ക്ലസ്റ്ററുകളാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനത്തിനായി പത്ത അംഗങ്ങള്‍ വീതമുള്ള സംഘവുമുണ്ട്.

ഓരോ ടീമിനും ഒരു ടീം ലീഡര്‍ ഉണ്ട്. ഇവരാണ് പഞ്ചായത്ത് ഭരണസമിതിയില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ടീം അംഗങ്ങള്‍ക്ക് കൈമാറി അതാത് ക്ലസ്റ്ററുകള്‍ക്ക് കീഴിലുള്ള വീടുകളിലേക്ക് എത്തിക്കുക. കൂടാതെ വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ ഉള്ളവര്‍ നിരീക്ഷണം ലംഘിക്കുന്നുണ്ടോ എന്നും ഇവര്‍ കര്‍ശനമായി പരിശോധിക്കും. നിരീക്ഷണത്തില്‍ ഉള്ളവര്‍, കിടപ്പ് രോഗികള്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ മരുന്നുകള്‍, ഭക്ഷണം എന്നിവ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്.

ഓരോ വാര്‍ഡിലെയും മെമ്പര്‍ക്കാണ് അതാത് വാര്‍ഡുകളിലെ ക്ലസ്റ്ററുകളുടെ മേല്‍നോട്ട ചുമതല. വാര്‍ഡ് എന്നതില്‍ ഉപരിയായി ക്ളസ്റ്ററുകള്‍ രൂപീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ ഓരോ വീടുകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രോഗവ്യാപനം തടയനാകുന്നുണ്ടെന്നാണ് ഭരണസമിതിയുടെ വിലയിരുത്തല്‍.

date