Skip to main content

ഇത്തവണ ഓണക്കിറ്റിൽ കൂടുതൽ ഇനങ്ങൾ

കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഓണത്തിന് നൽകുന്ന സമാശ്വാസ കിറ്റിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 17 ഇനങ്ങളാണ് ഉണ്ടാകുക.
കോവിഡ് കാലയളവിൽ സർക്കാർ നൽകുന്ന 13ാമത്തെ സമാശ്വാസ കിറ്റാണ് ഓണത്തിന് നൽകുക.
ഈ വർഷത്തെ കിറ്റുകളിൽ കേരളത്തിലെ കർഷകരുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളെയും അഭ്യർഥന പരിഗണിച്ച് അവരുടെ ഉത്പന്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏലക്ക, നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കലരി, ശർക്കരവരട്ടി എന്നിവ ഉൾപ്പെടുത്തും. ഭക്ഷ്യക്കിറ്റിനുള്ള സഞ്ചി കുടുംബശ്രീ ഉൾപ്പെടെയുള്ള കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ, സ്വയംതൊഴിൽ സംഘങ്ങൾ എന്നിവയിൽ നിന്നാകും. നേന്ത്രക്കുല, പച്ചക്കറികൾ എന്നിവ കർഷകസംഘങ്ങളിൽനിന്ന് വാങ്ങണമെന്ന് നിർദേശിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. കുട്ടികളുടെ അഭ്യർത്ഥന കൂടി പരിഗണിച്ച് കിറ്റിൽ ക്രീം ബിസ്‌കറ്റ് ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓണത്തിന് 12 ഇനങ്ങൾ അടങ്ങുന്ന സൗജന്യഭക്ഷ്യക്കിറ്റാണ് നൽകിയത്.
ഏകദേശം 85 ലക്ഷം കാർഡുടമകൾക്കാണ് മാസംതോറും സമാശ്വാസകിറ്റ് ലഭിക്കുന്നത്. കിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 5600 കോടി രൂപയോളം ചെലവായിട്ടുണ്ട്. 2021 ലെ ഓണക്കിറ്റിന് 500 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോയാണ് കാര്യക്ഷമായി കിറ്റുകൾ തയാറാക്കി നൽകുന്നത്.
മാവേലി സ്റ്റോറുകളുടെ പ്രവർത്തനം വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യക്ഷമമാക്കും. ജൂലൈ മുതൽ സെപ്റ്റംബർ വരെ വിവിധ ജില്ലകളിലായി 26 മാവേലിസ്റ്റോറുകൾ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേഖലയിൽ 17, കോട്ടയം മേഖലയിൽ നാല്, എറണാകുളം മേഖലയിൽ മൂന്ന്, കോഴിക്കോട് മേഖലയിൽ രണ്ട് എന്നിങ്ങനെയാണ് പുതിയ മാവേലിസ്റ്റോറുകൾ. പാലക്കാട് മേഖലയിലെ ആറു മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റായി ഉയർത്തുന്ന നടപടി പൂർത്തിയായിട്ടുണ്ട്.
ലീഗൽ മെട്രോളജി വകുപ്പിന്റെ കോട്ടയം, കാസർകോട് ജില്ലാ ഓഫീസുകൾക്ക് സ്ഥലം കണ്ടെത്തി നിർമാണ പ്രവർത്തനം ആരംഭിക്കും. കോട്ടയത്ത് ഓഫീസ് നിർമാണപ്രവർത്തനം 19നും കാസർകോട്ട് 22നും ആരംഭിക്കും. വയനാട്, പാലക്കാട് ജില്ലകളിൽ ഓഫീസിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ് 2370/2021

date