Skip to main content

സസ്യ ആരോഗ്യ ക്ലിനിക്കിലൂടെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കണം: മന്ത്രി പി. പ്രസാദ്

പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ സസ്യ ആരോഗ്യക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. നാടിനെ ഊട്ടുന്ന കർഷകരെ കൃഷിയിൽ നിലനിർത്തേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും കൂട്ടുത്തരവാദിത്തമാണ്. പച്ചക്കറി കൃഷിയിലെ പലവിധ പ്രശ്നങ്ങൾ ക്ലിനിക്കിലെ നിർദ്ദേശങ്ങളിലൂടെ പരിഹരിച്ച് മുന്നേറണം. സസ്യ ആരോഗ്യ ക്ലിനിക്ക് പോലുളള സേവനങ്ങൾ കർഷകരുടെ പല ബുദ്ധിമുട്ടുകൾക്കും പരിഹാരമാകുമെന്നും അവരെ കൃഷിയിൽ തുടരാൻ പ്രേരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ കരമന നെടുങ്കാട്ടുള്ള സംയോജിതകൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ സസ്യ ആരോഗ്യ  ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന സേവനങ്ങൾ ക്ലിനിക്കിലൂടെ ലഭ്യമാകുമെന്നും ഈ പ്രദേശത്തിന്റെ സമഗ്ര കൃഷി വികസനത്തിന് ക്ലിനിക് സഹായകരമാകുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചടങ്ങിൽ നേമം ബ്ലോക്കിലെ മാതൃകാ സംയോജിത കർഷകനായ എം. സഹദേവനെ മന്ത്രി ആദരിച്ചു.
കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. നെടുങ്കാട് വാർഡ് കൗൺസിലർ കരമന അജിത്ത് ആശംസകൾ അർപ്പിച്ചു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ധനസഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം. മിഷൻ ഡയറക്ടർ ആരതി എൽ.ആർ, കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് (വെളളായണി) ഡോ. റോയ് സ്റ്റീഫൻ, വെളളായണി കാർഷിക കോളേജ് ഡീൻ ഡോ. എ. അനിൽകുമാർ, ഗവേഷണ കേന്ദ്രം മേധാവി ഡോ. ജേക്കബ് ജോൺ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 164/2022
 

date