Skip to main content

കണക്‌ട് കരിയർ ടു ക്യാമ്പസ്

അഞ്ച് വർഷം കൊണ്ട് നാൽപത് ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും ഇരുപത് ലക്ഷം പേർക്ക് തൊഴിലും നൽകി   കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തിൻ്റെ ഭാഗമായി കേരളത്തിലെ കലാലയങ്ങളിൽ  നൈപുണ്യ വികസനത്തിൻ്റെ പ്രാധാന്യം ബോധവൽക്കരിക്കാനും, തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്ന ഡി.ഡബ്ലൂ.എം.എസ് പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തുന്നതിനുമായി  ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെയും  കേരള നോളജ് ഇക്കോണമി മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  “കണക്‌ട് കരിയർ ടു ക്യാമ്പസ്” പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം,  2022 ആഗസ്‌ത്‌ 2 ന്,  നടക്കുന്നു.

 

കണക്ട് കരിയർ ടു ക്യാമ്പസ് ന്റെ ഫെസിലിറ്റേഷൻ ഏജൻസിയായി പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള ഡി.ഡബ്ല്യു. എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനുമനുസരിച്ച് വിവിധ തൊഴിൽ മേഖലകളിൽ നൈപുണ്യ പരിശീലനം നൽകും. കൂടാതെ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങിയ കാര്യങ്ങൾ ആത്മവിശ്വാസത്തോടെ നേരിടാൻ ആവശ്യമായ പരിശീലനം അസാപ് നൽകും. സോഫ്റ്റ് സ്കിൽ, റെസ്യൂമേ തയ്യാറാക്കൽ, മോക്ക് ഇൻറർവ്യൂ മുതലായവ ഇതിൽ ഉൾപ്പെടും. കോളേജുകളിൽ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് അധിക നൈപുണ്യ പരിശീലനം നൽകി അവരെ തൊഴിൽ സജ്ജരാക്കി ഡി.ഡബ്ല്യൂ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിവിധ കമ്പനികളിലേക്ക് വിദ്യാർത്ഥികൾക്ക് തൊഴിലവസരം ലഭ്യമാക്കാനുള്ള പ്രവർത്തനവും കണക്ട് കരിയർ ടു ക്യാമ്പസിന്റെ ലക്ഷ്യമാണ്.  പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വ്യവസായങ്ങളുടെ ആവശ്യകതയനുസരിച്ച് പുതിയ കോഴ്സുകൾ വികസിപ്പിച്ച് പരിശീലനം നൽകുക എന്നതും നമ്മുടെ ലക്ഷ്യമാണ്.

പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് കലാലയങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ അസാപ് കേരള നൽകും. അസാപിന് പുറമെ, ഐ.സി.റ്റി, കുടുംബശ്രീ, കെയ്സ് എന്നീ ഏജൻസികളും നൈപുണ്യ പരിശീലനം നൽകുന്നുണ്ട്. 

അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ക്ഷമത ഉറപ്പു വരുത്തുന്നത്തിലൂടെ ചുരുങ്ങിയത് ഇരുപത് ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കുക എന്ന  ലക്ഷ്യം കൈവരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അസാപ് കേരള വിവിധ നൈപുണ്യ വികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുകയാണ്