Skip to main content

ഉദ്ഘാടനത്തിന് ഒരുങ്ങി സ്കൂളുകളിലെ വെതർ സ്റ്റേഷനുകൾ

ജില്ലാതല ഉദ്ഘാടനം കായണ്ണ ​ഗവ. ഹയർസക്കണ്ടറി സ്കൂളിൽ നാളെ (നവംബർ 25-ന്) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

 

സ്കൂളുകളിൽ നടപ്പാക്കുന്ന വെതർ സ്റ്റേഷന്റെ ജില്ലാതല ഉദ്ഘാടനത്തിന് ഒരുങ്ങി കായണ്ണ ​ഗവ. ഹയർസക്കണ്ടറി സ്കൂൾ. 

ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കുന്നതിനാണ് സ്കൂളുകളിൽ വെതർ സ്റ്റേഷൻ സംവിധാനം ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾകൊള്ളിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കോഴിക്കോട് ജില്ലയിലെ 18 സ്കൂളുകളിലാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്. 

 

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുവാനും വെതർ സ്റ്റേഷനുകൾ സഹായിക്കും. മഴയുടെ തോത് അളക്കുന്നതിനുള്ള 'മഴമാപിനി', അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെർമോമീറ്ററുകൾ, അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള 'വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ', കാറ്റിന്റെ ദിശ അറിയുന്നതിനായുളള 'വിൻഡ് വെയ്ൻ' കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന 'കപ്പ് കൗണ്ടർ അനിമോമീറ്റർ' തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങളാണ് സ്കൂളുകളിൽ സ‍ജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമാണ് പദ്ധതി നടപ്പാക്കുന്നത്. 

 

കായണ്ണയിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടനം നാളെ (നവംബർ 25-ന്) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. അഡ്വ കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, പഞ്ചായത്ത് അം​ഗങ്ങൾ, ഉദ്യോ​ഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

 

date