Skip to main content

ലോക എയ്ഡ്സ് ദിനം ഇന്ന്; ജില്ലയിൽ വിപുലമായ ബോധവത്കരണ പരിപാടികൾ

 

കോട്ടയം: ലോക എയിഡ്സ് ദിനത്തിന്റെ ഭാഗമായി എച്ച്.ഐ.വി. അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം ഇന്ന് (ഡിസംബർ 1) വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ലോക എയിഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു ചേർപ്പുങ്കൽ ബി.വി.എം. കോളേജിൽ തോമസ് ചാഴികാടൻ എം.പി. നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിനിമാതാരം അഞ്ജുകൃഷ്ണ അശോക് മുഖ്യാതിഥിയാകും.
 രാവിലെ 9:30നു നടക്കുന്ന ജില്ലാതല ബോധവത്കരണ റാലിയിൽ ബി വി.എം. കോളജ്, മരിയൻ കോളേജ്, എൽ.എൽ.എം, മാർസ്ലീവാ എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.  റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ പ്രിയ ഫ്‌ളാഗ് ഓഫ് ചെയ്യും. 10 മണിക്ക് ബി.വി. എം. കോളജിൽ നടക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പിൽ അൻപതിലധികം റെഡ് റിബൺ ക്ലബ് വോളന്റീർമാർ രക്തം ദാനം ചെയ്യും. ക്യാമ്പ് പാലാ ഡി.വൈ.എസ്.പി. എ.ജെ തോമസ് ഉദ്ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ സർക്കാർ ആശുപത്രികളുടെയും, കോളേജുകളിലെ റെഡ് റിബൺ ക്ലബ്ബുകളുടെയും, രക്തദാന ഫോറങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും
 സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം, ബി.വി.എം കോളജ് സോഷ്യൽ വർക്ക് വിഭാഗം, റെഡ് റിബൺ ക്ലബ്, എച്ച്.ഡി.എഫ്.സി ബാങ്ക്, പാലാ ബ്ലഡ് ഫോറം തുടങ്ങിയവരാണ് ജില്ലാതല പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

(കെ.ഐ.ഒ.പി.ആർ 2972/2022)  
 

date