Skip to main content
.

പട്ടയമിഷന്‍ ജില്ലയിലെ സങ്കീര്‍ണ ഭൂപ്രശ്‌നങ്ങള്‍ പരിഗണിക്കും: മന്ത്രി കെ. രാജന്‍

*ഭൂപതിവ് ചട്ട ഭേദഗതി വിഷയത്തില്‍ ജനാഭിലാഷം മുന്‍നിര്‍ത്തി നടപടി എടുക്കും *2788 പട്ടയങ്ങള്‍ വിതരണം ചെയ്തു ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പട്ടയമിഷന്റെ ഭാഗമായി സര്‍ക്കാര്‍ പരിഗണിക്കുമെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ ധാരാളമുള്ള ജില്ലയാണ് ഇടുക്കി. ഇവ ഘട്ടംഘട്ടമായി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് പട്ടയമിഷനും. നിയമപരവും സാങ്കേതികവുമായ തടസങ്ങള്‍ ഒഴിവാക്കി ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വാത പരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പട്ടയമിഷന്റെ ഭാഗമായി സ്വീകരിക്കും. കാലങ്ങളായി തീരുമാനമില്ലാതെ അവശേഷിച്ച വാണിജ്യസ്ഥാപനങ്ങള്‍ക്കുള്ള പട്ടയം, വിവിധ ഡാമുകളുടെ ചെയിന്‍ പ്രദേശത്തെ പട്ടയം, ലാന്‍ഡ് രജിസ്റ്ററില്‍ ഏലകൃഷി എന്ന് രേഖപെടുത്തല്‍ തുടങ്ങി ജില്ലയിലെ സങ്കീര്‍ണമായ വിവിധ പ്രശ്‌നങ്ങള്‍ പട്ടയ മിഷന്റെ ഭാഗമായി സര്‍ക്കാര്‍ പരിഗണനക്കെടുത്തിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും പട്ടയ പ്രശ്‌നങ്ങള്‍ എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. ഭൂപതിവ് നിയമ, ചട്ട ഭേദഗതി അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ നോക്കികാണുന്നതെന്നും ജനാഭിലാഷത്തെ മുന്‍നിര്‍ത്തിയുള്ള നടപടി വൈകാതെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ദേവികുളം, ഇടുക്കി, തൊടുപുഴ എന്നീ താലൂക്കുകളിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെയും നവീകരിച്ച ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെയും ഉദ്ഘാടനവും റവന്യൂ അതിഥിമന്ദിരം, ഇടുക്കി തഹസീല്‍ദാറുടെ ഔദ്യോഗിക വസതി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. ചെറുതോണി ടൗണ്‍ഹാളില്‍ നടന്ന മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. അടുത്ത നിയമസഭ സമ്മേളനത്തില്‍ 1964 ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്ന് ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും അതിനായി സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമസ്തമേഖലയിലും സാമൂഹിക നീതിയില്‍ അധിഷ്ഠിതവും സര്‍വതല സ്പര്‍ശിയുമായ വികസന സാധ്യത കണ്ടെത്താനും ഏറ്റവും സെന്‍സിറ്റീവായ ഭൂപ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ അടിസ്ഥാനപരമായ നയങ്ങളും സമീപനവും സ്വീകരിച്ചുകൊണ്ടുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേളയില്‍ പട്ടയം ലഭിച്ച കുടുംബങ്ങളെയും ഇത്രയും പേര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിച്ച ജില്ലാ ഭരണകൂടത്തെയും മന്ത്രി അഭിനന്ദിച്ചു. മേമാരിമുറിയിലെ ലീല തങ്കപ്പന് വനവകാശ രേഖ കൈമാറികൊണ്ട് പട്ടയവിതരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. 1964-ലെ ഭൂമിപതിവ് ചട്ടം പ്രകാരമുള്ള 1754 പട്ടയങ്ങള്‍, 1993-ലെ ഭൂമിപതിവ് ചട്ടപ്രകാരമുള്ള 935 പട്ടയങ്ങള്‍, 1995 ലെ മുനിസിപ്പല്‍ ചട്ട പ്രകാരമുള്ള 15 പട്ടയങ്ങള്‍, 62 ലാന്‍ഡ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, ഹൈറേഞ്ച് കോളണൈസേഷന്‍ സ്‌കീം പ്രകാരമുള്ള 4 പട്ടയങ്ങള്‍, 18 വനാവകാശ രേഖകള്‍ എന്നിങ്ങനെ 2788 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്. ലോവര്‍ പെരിയാര്‍ പദ്ധതി പ്രദേശത്തു നിന്നും 1971 ല്‍ കുടിയൊഴിപ്പിക്കപ്പെട്ട 72 കുടുംബങ്ങള്‍ക്ക് പകരമായി അനുവദിച്ച ഭൂമിയുടെ പട്ടയങ്ങള്‍, ദേവികുളം താലൂക്കില്‍ നിയമവിധേയമല്ലാതെ ഡപ്യൂട്ടി തഹസില്‍ദാര്‍ അനുവദിച്ച പട്ടയങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റദ്ദ് ചെയ്തതിന് പകരമായി അനുവദിച്ച പുതിയ പട്ടയങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് വിതരണം ചെയ്തത്. ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി. എംഎല്‍എ.മാരായ എം എം മണി, വാഴൂര്‍ സോമന്‍, അഡ്വ. എ. രാജ, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, രാഹുല്‍കൃഷ്ണ ശര്‍മ, എ.ഡി.എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍, രാഷ്ട്രീയ, സാമൂഹ്യ പാര്‍ട്ടി നേതാക്കാളായ സി വി വര്‍ഗീസ്, കെ സലിം കുമാര്‍, ജോസ് പാലത്തിനാല്‍, അനില്‍ കൂവപ്ലാക്കല്‍, എംജെ ജേക്കബ്, സിബി മൂലേപറമ്പില്‍, കെ എസ് അജി, കെഎംഎ ഷുക്കൂര്‍, കെ എം റോയി, എംഎ ജോസഫ്, സി എം അസീസ്, ആമ്പല്‍ ജോര്‍ജ്, പി. പി പ്രകാശ്, സാം ജോര്‍ജ്, ജോണി ചെറുപറമ്പില്‍, കെ മുരളി, കെ എ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം; 1. ഇടുക്കി ജില്ലാതല പട്ടയമേള ചെറുതോണി ടൗണ്‍ഹാളില്‍ റവന്യുവകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു 2. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ജില്ലാതല പട്ടയമേളയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു 3. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പട്ടയമേളയില്‍ പട്ടയ വിതരണം നടത്തുന്നു Video link - https://we.tl/t-Fmkq2YjAuA

date