Skip to main content

കേരളം കൂടുതൽ ഉയരങ്ങളിലെത്തും, കൂട്ടായ്മയിലൂടെ നേടിയെടുക്കും: മുഖ്യമന്ത്രി

*സർക്കാരിന്റെ രണ്ടു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കു സമർപ്പിച്ചു

കേരളത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചു നവകേരളം സാധ്യമാക്കണമെന്നും ഒരുമയും ഐക്യവും കൊണ്ട് ഇതു നേടിയെടുക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ആറു വർഷം കേരളത്തിലുണ്ടായ മാറ്റങ്ങളെ മറച്ചുപിടിച്ചാണു ചിലർ വിമർശനങ്ങൾ ഉയർത്തുന്നത്. കേരളം ഒരു മേഖലയിലും പിന്നോട്ടുപോയിട്ടില്ല, ഒരിടത്തും മരവിച്ചു നിന്നിട്ടുമില്ല - കണക്കുകൾ നിരത്തി മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന 25 വർഷംകൊണ്ടു ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്കു കേരളത്തിന്റെ ജീവിതനിലവാരം ഉയർത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏഴു വർഷമായി സർക്കാർ തുടരുന്ന വികസന പദ്ധതികൾ സംസ്ഥാനത്തെ ഈ ലക്ഷ്യത്തിലേക്കു കൂടുതൽ അടുപ്പിക്കുകയാണ്.

വലിയ നിരാശ ബാധിച്ചവരായിരുന്നു 2016നു മുൻപ് ഇവിടെയുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ഒരു മാറ്റവുമുണ്ടാകില്ലെന്നും മാറ്റം പ്രതീക്ഷിക്കേണ്ടെന്നും കരുതിയവർ നിരവധിയായിരുന്നു. നാടിന്റെ അഭിമാന രംഗങ്ങളായിരുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ പിന്നോട്ടുപോക്കും സാംസ്‌കാരിക നിലവാരത്തിലുണ്ടായ ജീർണതകളും അഴിമതിയുമൊക്കെ ഇതിനു കാരണമായി. ഈ നിലയിൽനിന്നാണ് ഇന്നു കാണുന്ന കേരളം ഉയിർത്തെഴുന്നേറ്റത്. എല്ലാ ദുരന്തങ്ങളേയും അതിജീവിച്ചു കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റത്തെ താഴ്ത്തിക്കാണിക്കാനായി നുണ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

പെൻഷനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർത്തുന്ന ചില കാര്യങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. 2016ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 1473.67 കോടി രൂപ വിവിധ പെൻഷൻ ഇനങ്ങളിൽ കുടിശ്ശികയായിരുന്നു. രണ്ടു വർഷം വരെ പെൻഷൻ കിട്ടാത്തവർ അക്കാലത്തുണ്ടായിരുന്നു. കർഷകത്തൊഴിലാളികൾക്ക് 99.69 കോടി രൂപ, വാർധക്യ പെൻഷൻ 803.85 കോടി രൂപ, വികലാംഗ പെൻഷൻ 95.11 കോടി, അവിവാഹിത പെൻഷൻ 25.97 ലക്ഷം, വിധവാ പെൻഷൻ 449 കോടി എന്നിങ്ങനെയായിരുന്നു കണക്കുകൾ. ഈ കുടിശ്ശികയെല്ലാം പുതിയ സർക്കാർ കൊടുത്തുതീർത്തു. 600 രൂപയായിരുന്ന പെൻഷൻ തുക 1600 രൂപയാക്കി ഉയർത്തി. 18997 കോടി രൂപ സാമൂഹ്യ പെൻഷനായി വിതരണം ചെയ്തു. എല്ലാ പെൻഷനുകളും കൃത്യമായി നൽകുന്നു. പാവങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരാണെന്നതുകൊണ്ടാണ് ഇതു സ്വീകരിക്കുന്നത്. അതാണ് സർക്കാരിന്റെ നയം.

ചെറിയ കാര്യങ്ങളിൽപ്പോലും പ്രത്യേക ശ്രദ്ധ നൽകി സർക്കാർ നടപ്പാക്കിയ പദ്ധതികൾ വലിയ മാറ്റമാണു നാട്ടിലുണ്ടാക്കിയത്. 2016ലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം നെൽകൃഷി വർധിപ്പിക്കാൻ ശ്രമം നടത്തി. ഓരോ പ്രദേശത്തുമുള്ള തരിശുനിലങ്ങൾ കൃഷി ഭൂമിയാക്കാൻ നടത്തിയ ശ്രമങ്ങളോടു ജനങ്ങൾ പൂർണമായി സഹകരിച്ചു. അതിന്റെ ഫലമായി 1,70000 ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന നെൽകൃഷി ഇപ്പോൾ 2,23,000 ഹെക്ടറായിരിക്കുന്നു. ഉത്പാദന ക്ഷമതയും വർധിച്ചു. പച്ചക്കറി ഉത്പാദനത്തിലും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു.

ഈ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ ജി.ഡി.പി. മുൻ വർഷത്തേക്കാൾ 12.01 ശതമാനം ഉയർന്നു. പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയായി. കേരളം പിന്നോട്ടു പോയിട്ടില്ലെന്നതിന്റെ വ്യക്തമായ കണക്കാണിത്. നൂറ്റാണ്ടിലെ മഹാപ്രളയവും അതിനു ശേഷമുണ്ടായ അതിരൂക്ഷ കാലവർഷക്കെടുതിയും നാടിനെ തകർത്തെറിഞ്ഞ അവസ്ഥയിൽ തലയിൽ കൈവച്ചു നിലവിളിക്കാനായിരുന്നില്ല കേരളം തയാറായത്. വികസനത്തിലൂന്നി, ഒരുമയോടെയും ഐക്യത്തോടെയും പ്രതിസന്ധികളെ അതിജീവിച്ചു. ഈ അതിജീവനത്തിന്റെ കണക്കാണ് ആഭ്യന്തര വരുമാനത്തിലുണ്ടായ ഈ വളർച്ച.

നാട്ടിലെ യുവാക്കൾ 2016ൽ വലിയ നിരാശയിലായിരുന്നു. തൊഴിലില്ലായ്മ പെരുകി. വികസനമില്ലാത്ത അവസ്ഥ വന്നു. ഇക്കാര്യത്തിലും ഇപ്പോൾ വലിയ മാറ്റമുണ്ടായിരിക്കുന്നു. 12 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനത്തിലേക്കു താഴ്ന്നു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ പദ്ധതിയിലൂടെ ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം 1,40,000 ൽ എത്തി. നിക്ഷേപത്തിനു താത്പര്യപ്പെട്ട് ധാരാളം ആളുകൾ ഇപ്പോൾ വരുന്നു. അതിൽത്തന്നെ നല്ലൊരു ഭാഗം സ്ത്രീകളാണ്. 8500 കോടിയോളം രൂപയുടെ നിക്ഷേപമാണ് സംരംഭക വർഷത്തിലൂടെയുണ്ടായത്. മൂന്നു ലക്ഷത്തോളം പേർക്കു തൊഴിലവസരവും ഇത് ഒരുക്കുന്നു.

വികസന പദ്ധതികൾക്കു പണം കണ്ടെത്തുന്നതിനായാണ് 2016ൽ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. 2021നുള്ളിൽ 50,000 കോടിയുടെ പശ്ചാത്തല വികസന പദ്ധതികളായിരുന്നു ലക്ഷ്യംവച്ചിരുന്നത്. 62,000 കോടി രൂപയുടെ പദ്ധതികൾക്കു തുടക്കമിട്ടു. ഈ രണ്ടു വർഷം കൊണ്ട് 18,000 കോടിയുടെ പദ്ധതി. അങ്ങനെ ഏഴു വർഷംകൊണ്ട് 80,0000 കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, അതിനെ തകർക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട്. ഐടി മേഖലയിൽ കേരളം സ്റ്റാർട്ടപ്പുകളുടെ ലോകോത്തര ഹബ്ബായി മാറി. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ഇൻക്യുബേറ്ററായി കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ സ്വന്തം പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ, 1500 കോടിയുടെ ഡിജിറ്റൽ സയൻസ് പാർക്ക് പദ്ധതി, വിവിധ ഐടി പാർക്കുകൾ എന്നിവ കേരളത്തിന്റെ മുന്നേറ്റത്തിന്റെ സൂചകങ്ങളാണ്. ബഹുരാഷ്ട്ര കമ്പനികൾ ഇവിടേക്കു വരുന്നു. വലിയ തോതിൽ കേരളം ശ്രദ്ധിക്കപ്പെടുന്നു.

രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതും കഴിഞ്ഞ ഏഴു വർഷത്തിനിടെയാണ്. ഇവിടെ എല്ലാം സുതാര്യമാണ്. അർഹതയാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. തെറ്റ് ആരുടെ ഭാഗത്തുണ്ടായാലും കർശന നടപടിയിലേക്കു പോകുന്നു. വികസന പദ്ധതികൾ കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി നടപ്പാക്കുന്നു. ടെൻഡർ നടപടികളിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യുന്ന അർഹരായവർക്കാണു പദ്ധതി അനുവദിക്കുന്നത്. അവരുമായാണു കരാർ ഒപ്പിടുന്നത്. അതല്ലെന്ന് ആർക്കും പറയാനില്ല. ഇതിനെതിരെയെല്ലാം കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾക്കു വിശ്വാസ്യത കിട്ടാത്തത് ഈ സുതാര്യത കൊണ്ടാണ്.

വികസന പദ്ധതികൾ നടപ്പാക്കണമെന്ന നിശ്ചയദാർഢ്യവും സർക്കാരിനുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുത്തു നൽകുന്നതു സംബന്ധിച്ച നിരന്തര ആവശ്യങ്ങൾ 2016നു മുൻപു വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാക്കി. ഭൂമി വിലയുടെ 25 ശതമാനം സംസ്ഥാന സർക്കാർ നൽകണമെന്ന ആവശ്യം അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കലിനായി 5500 കോടിയിലധികം രൂപ നൽകി. ഇപ്പോൾ ദേശീയപാത വികസനം യാഥാർഥ്യമാകുകയാണ്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്ന ആളുകൾക്ക് ഈ കാഴ്ച കാണാം. വരുന്ന ഡിസംബറോടെ തലപ്പാടി - ചെങ്കള ആദ്യ റീച്ച് പൂർത്തിയാകും. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഇവിടെ നടക്കില്ലെന്നു കരുതി അവർ ഓഫീസ് പൂട്ടി മടങ്ങിയതാണ്. 2016ൽ സർക്കാർ അധികാരമേറ്റ ശേഷം ഇതിനു മാറ്റമുണ്ടായി. ഇന്നു ഗെയിൽ പൈപ്പിലൂടെ വാതകം പ്രവഹിക്കുകയാണ്. കേരളത്തിലെ കുറേ അടുക്കളകളിൽ ഇത് എത്തി. വിവിധ വ്യവസായശാലകളിലും ഇന്ധനമായി എത്തുന്നു. നാടിന്റെ എല്ലാ ഭാഗത്തും ഇത് എത്താൻ പോകുന്നു. ഇടമൺ - കൊച്ചി പവർ ഹൈവേ പദ്ധതി മതിയാക്കി പവർ ഗ്രിഡ് കോർപ്പറേഷൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. 2016ൽ പൂട്ടിപ്പോയ ലൈനിലൂടെ ഇപ്പോൾ വൈദ്യുതി പ്രവഹിക്കുകയാണ്. ഇതാണു കേരളത്തിൽ കഴിഞ്ഞ ഏഴു വർഷംകൊണ്ടു സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്കു നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ കോഫി ടേബിൾ ബുക്ക് മന്ത്രി കെ. രാജനു നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മിഴിവ് ഷോർട്ട് ഫിലിം മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം ചടങ്ങിൽ വിതരണം ചെയ്തു. മന്ത്രിമാരായ വി. ശിവൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, ജോസ് കെ. മാണി എംപി, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, സി.കെ. ഹരീന്ദ്രൻ, കക്ഷി നേതാക്കളായ വർക്കല രവികുമാർ, അഡ്വ. എസ്. ഫിറോസ് ലാൽ, വർഗീസ് ജോർജ്, പ്രൊഫ. ഷാജി കടമല, പൂജപ്പുര രാധാകൃഷ്ണൻ, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, പുനീ്ത് കുമാർ, കെ.ആർ. ജ്യോതിലാൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു 

പി.എൻ.എക്‌സ്. 2259/2023

date