Skip to main content

ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും: മുഖ്യമന്ത്രി

 

*പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്തവിധം തീർത്ഥാടനം
*വിർച്വൽ ക്യൂ പ്രയോജനപ്പെടുത്തണം

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലയളവിലെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന തേക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് ദോഷം വരാത്ത വിധത്തിൽ സുഗമമായ തീർത്ഥാടനം ഒരുക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.  തീർത്ഥാടകർ ഇരുമുടിക്കെട്ടിൽ ഉൾപ്പെടെ പ്ലാസ്റ്റിക് ഒഴിവാക്കണം. ഇതുസംബന്ധിച്ച് മറ്റു സംസ്ഥാനങ്ങൾ മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകണം. എരുമേലി  അഴുതക്കടവ് വഴി വരുന്ന ഭക്തർ മൂന്നു മണിക്ക് മുമ്പ് വനമേഖല കടക്കണമെന്നത് സംബന്ധിച്ചും അറിയിപ്പ് കൊടുക്കണം. ശബരിമലയിലെ തീർത്ഥാടകർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള വിർച്വൽ ക്യൂ സംവിധാനം ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നർ പ്രയോജനപ്പെടുത്തണം. തീർത്ഥാടകർക്ക് ആവശ്യമായ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിനാവശ്യമായ സാമ്പത്തിക സഹായം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ബഡ്ജറ്റിൽ നീക്കിവച്ച 25 കോടി രൂപയ്ക്കു പുറമെ ആവശ്യമായി വരുന്ന അധിക ഫണ്ട് നൽകും.
അയൽ സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ തീർത്ഥാടകർക്ക് സഹായകമായ കൺട്രോൾ റൂമുകൾ തുറക്കുന്നത് നന്നായിരിക്കും. പമ്പയിൽ വിവിധ സംസ്ഥാനങ്ങളുടെ സംയുക്ത കൺട്രോൾ റൂം വേണമെന്ന നിർദ്ദേശം മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കുന്ന ഘട്ടത്തിലാണ്. പ്ലാസ്റ്റിക് വിമുക്ത സോണായി ശബരിമലയെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ അനുവദിക്കില്ല. തീർത്ഥാടകർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ദേവസ്വം ബോർഡും വാട്ടർ അതോറിറ്റിയും സംവിധാനം ഒരുക്കിയിട്ടുണ്ട്. നൂറോളം വാട്ടർ കിയോസ്‌കുകളാണുള്ളത്. എരുമേലി, ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ എന്നിവിടങ്ങളിലും വാട്ടർ കിയോസ്‌കുകൾ ഉണ്ടാവും. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും ആശുപത്രി പ്രവർത്തിക്കും. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, പാരമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് മെഡിക്കൽ വോളണ്ടിയർമാരുടെ സേവനം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പ്രളയം തകർത്ത പമ്പയിൽ സർക്കാർ അടിയന്തരപ്രാധാന്യം നൽകി പുനരുദ്ധാരണം നടത്തിയതായി യോഗത്തിൽ അധ്യക്ഷത വഹിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇത്തവണയും നിലയ്ക്കലാണ് ബേസ് ക്യാമ്പ്. ഇവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആർ. ടി. സി ചെയിൻ സർവീസ് നടത്തും. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് സഹായകരമായ വിധത്തിൽ റോഡുകളിൽ ഇതരഭാഷകളിലുള്ള അടയാള ബോർഡുകളും പ്രധാന കേന്ദ്രങ്ങളിൽ ഇൻഫർമേഷൻ കൗണ്ടറുകളും സ്ഥാപിക്കണമെന്ന് ആന്ധ്രപ്രദേശിൽ നിന്നെത്തിയ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി വേലംപള്ളി ശ്രീനിവാസ റാവുവും പുതുച്ചേരി കാർഷിക കർഷകക്ഷേമ വകുപ്പ് മന്ത്രി ആർ. കമലക്കണ്ണനും നിർദ്ദേശിച്ചു. പമ്പയെ മലിനമാക്കരുതെന്നും പ്ലാസ്റ്റിക് കൊണ്ടുവരരുതെന്നുമുള്ള അറിയിപ്പ് നൽകുമെന്ന് തമിഴ്‌നാട് ഹിന്ദു മതവും ചാരിറ്റബിൾ എൻഡോവ്‌മെന്റ്ും വകുപ്പ് മന്ത്രി സെവ്വൂർ എസ്. രാമചന്ദ്രൻ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.
ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ, ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, അംഗങ്ങളായ കെ. പി. ശങ്കർദാസ്, എൻ. വിജയകുമാർ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, വിവിധ വകുപ്പുകളിലെ സെക്രട്ടറിമാർ, പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ, തമിഴ്‌നാട്. പുതുച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, കേരളത്തിലെ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.3970/19

date