Skip to main content

കൊല്ലം തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

*പാസഞ്ചർ കാർഗോ ടെർമിനലിന്റെയും പുതിയ ടഗ്ഗിന്റെയും  ഉദ്ഘാടനം 27 ന്
കൊല്ലം തുറമുഖ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ പാസഞ്ചർ കം കാർഗോ ടെർമിനലിന്റെയും പുതിയ ടഗ്ഗിന്റെയും ഉദ്ഘാടനം ഒക്ടോബർ 27 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തും. 20 കോടി രൂപയ്ക്കാണ് വാർഫിന്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്. 100 മീറ്റർ നീളത്തിലും 21 മീറ്റർ വീതിയിലും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതോടെ തീരദേശ കപ്പൽ ഗതാഗതത്തിന്റെ ഭാഗമായി ചെറിയ  വിദേശയാത്രാ കപ്പലുകൾ അടക്കം കൊല്ലം തുറമുഖത്ത് അടുപ്പിക്കാനാകും.
തുറമുഖത്തെ ഷിപ്പിംഗ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി 3.26 കോടി രൂപ വീതം ചെലവിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള രണ്ട് പുതിയ മോട്ടോർ ടഗ്ഗുകൾ 'ധ്വനി', ''മിത്ര' എന്നിവ പ്രവർത്തന സജ്ജമായിട്ടുണ്ട്.  ''ധ്വനി' കൊല്ലം തുറമുഖത്തും ''മിത്ര' ബേപ്പൂർ തുറമുഖത്തും കമ്മീഷൻ ചെയ്യും.  ടഗ്ഗുകൾ മെസ്സേഴ്സ് വിജയ് മറൈൻ ഷിപ്പ് യാർഡ് ഗോവയിൽ നിർമ്മിച്ച് കേരള മാരിടൈം ബോർഡിന് കൈമാറുകയാണ് ചെയ്തത്.
അഞ്ച് ടൺ ബുള്ളാർഡ് കപ്പാസിറ്റിയുള്ളതും ഇടത്തരം ഷിപ്പുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതുമാണ്. തുറമുഖ പ്രവർത്തനത്തിന്റെ ഭാഗമായി പുറം കടലിൽ നടക്കുന്ന ക്രു ചെയിഞ്ചിംഗ്, സപ്ളൈ ഓഫ് സ്റ്റോർ, കപ്പലുകൾ കരക്ക് വലിച്ചടുപ്പിക്കൽ എന്നീ കാര്യങ്ങൾക്കാണ് ടഗ്ഗുകൾ ഉപയോഗിക്കാം. ഇന്റർനേഷണൽ ക്ലാസിഫിക്കേഷൻ സൊസൈറ്റിയായ ഐ.ആർ.എസ് (ഇന്ത്യ രജിസ്ട്രി ഓഫ് ഷിപ്പിംഗ്) ന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ടഗ്ഗിൽ കടൽ സഞ്ചാരത്തിന് വേണ്ടിയുള്ള ആധുനിക ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
നിലവിലുള്ള 178 മീറ്റർ വാർഫിന് പുറമേയാണ് 100 മീറ്റർ നീളമുള്ള മൾട്ടി പർപ്പസ് പാസഞ്ചർ കം കാർഗോ വാർഫ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വർക്ക്ഷോപ്പിന് മുകളിൽ എമിഗ്രേഷന്റെ ഒരു കൗണ്ടർ തുടങ്ങുന്നതിനുള്ള സൗകര്യവും കൊല്ലത്ത് ഒരുക്കി കഴിഞ്ഞു. എമിഗ്രേഷൻ ഓഫീസിനാവശ്യമായ ഉപകരണങ്ങളും നെറ്റ് കണക്ഷനും ലഭിക്കുന്ന മുറക്ക് പ്രവർത്തനം ആരംഭിക്കാനാവും. ഇതോടെ നിലവിൽ വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന കപ്പലിലെ ക്രു ചെയ്ഞ്ച് സംവിധാനം കൊല്ലം തുറമുഖത്തും നടത്താനാകും.
ഗേറ്റ് ഹൗസ്, വർക്ക്ഷോപ്പ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് തുടങ്ങിയവയുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.
എം പിമാരായ എൻ കെ പ്രേമചന്ദ്രൻ, കെ സോമപ്രസാദ്, എം എൽ എ മാരായ എം മുകേഷ്, എം നൗഷാദ്, മേയർ ഹണി ബഞ്ചമിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പി.എൻ.എക്സ്. 3696/2020

date