ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം-ആരോഗ്യ മന്ത്രി
പക്ഷാഘാത ഐ.സി.യുവും സി.സി.യുവും ഉദ്ഘാടനം ചെയ്തു
വര്‍ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അന്തര്‍ദേശീയ പക്ഷാഘാത ദിനാചരണത്തിന്റെ സംസ്ഥാനതല ചടങ്ങും കോട്ടയം ജനറല്‍ ആശുപത്രിയിലെ പക്ഷാഘാത ഐ.സി.യു, സി.സി.യു എന്നിവയുടെ പ്രവര്‍ത്തനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പകര്‍ച്ച വ്യാധികള്‍ക്കൊപ്പം ജീവിത ശൈലി രോഗങ്ങളും സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വ്യായാമവും ശുചിത്വവും ഉറപ്പാക്കി ഇത്തരം രോഗങ്ങളെ അതിജീവിക്കാന്‍ പരിശ്രമിക്കണം. ചിട്ടയായ വ്യായാമം ജീവിത രീതിയുടെ ഭാഗമാക്കേണ്ടത് അനിവാര്യമാണ്. പൊജുജനാരോഗ്യ സംരക്ഷണത്തിനായി ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു . തോമസ് ചാഴികാടന് എം.പി മുഖ്യ പ്രഭാഷണം നടത്തി. എന്‍.സി.ഡി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.ബിബിന്‍ ഗോപാല്‍ വിഷയം അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, അംഗം പി. സുഗതന്, മുനിസിപ്പല്‍ കൗണ്‍സില്‍ സാബു പുളിമൂട്ടില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആര്. ബിന്ദുകുമാരി, എച്ച്. എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments