Skip to main content

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം ഇന്ന് (ഏപ്രില്‍ 10)

    പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനായി കേരളത്തിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം ഇന്ന് (ഏപ്രില്‍ 10) തിരുവനന്തപുരത്ത് നടക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ യോഗത്തിനെത്തും. മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന പരിപാടി രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധനസെക്രട്ടറിമാരും യോഗത്തില്‍ സംബന്ധിക്കും.
    1971 ലെ കാനേഷുമാരി പ്രകാരമുള്ള ജനസംഖ്യാ കണക്കുകളാണ് ധനകാര്യ കമ്മീഷന്‍ തീര്‍പ്പിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2011ലെ ജനസംഖ്യ ആധാരമാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ജനസംഖ്യാ നിയന്ത്രണത്തില്‍ ഗണ്യമായ നേട്ടം കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. റവന്യു കമ്മി നികത്തുന്നതിനുള്ള ഗ്രാന്റ് തുടരണോയെന്നത് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാന്റ് ഒഴിവാക്കുന്നത് സംസ്ഥാനങ്ങളുടെ ചെലവാക്കല്‍ ശേഷിയെ കാര്യമായി കുറയ്ക്കും. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെയാവും ഇത് ബാധിക്കുക. മുന്‍ ധനകാര്യ കമ്മീഷനുകള്‍ ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനം ധനകമ്മി സംസ്ഥാനങ്ങള്‍ക്ക് ആകാമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംസ്ഥാനങ്ങളുടെ അനുവദനീയമായ ധനകമ്മി പരിധി 1.7 ശതമാനമായി താഴ്ത്താനാണ് ധന ഉത്തരവാദിത്ത നിയമ അവലോകന സമിതിയുടെ ശുപാര്‍ശ.
    സംസ്ഥാനങ്ങള്‍ക്കുള്ള ഇന്‍സെന്റീവുകളുടെ കാര്യത്തില്‍ അവ്യക്തതയാണ് നിലനില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ തനതു നികുതികളുടെ 44 ശതമാനം ജി. എസ്. ടിയില്‍ ലയിച്ചപ്പോള്‍ കേന്ദ്രനികുതികളുടെ 23 ശതമാനം മാത്രമാണ് ലയിച്ചത്. ഇത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ധനവിന്യാസത്തിലെ അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ തീര്‍പ്പുകള്‍ക്ക് ഈ യാഥാര്‍ത്ഥ്യം അടിസ്ഥാനമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചാ വിഷയമാക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം നടത്തുന്നത്. ഈ വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കും. സംസ്ഥാനങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ കമ്മീഷന് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
    യോഗത്തില്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്കുള്ള സെഷനില്‍ സംസ്ഥാന നിലപാടുകള്‍ വിവിധ മന്ത്രിമാര്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം പ്രമുഖ ധനശാസ്ത്രജ്ഞര്‍ നിലപാടുകള്‍ വ്യക്തമാക്കി സംസാരിക്കും.
പി.എന്‍.എക്‌സ്.1312/18
 

date