പുതുതായി ഇരുപത് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കും-മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍
സംസ്ഥാനത്ത് പുതുതായി ഇരുപത് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുമെന്ന് ആരോഗ്യ ആയുഷ്, സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന ഹോമിയോപ്പതി വകുപ്പും ആയുഷ് മിഷനും സംഘടിപ്പിച്ച ലോക ഹോമിയോപ്പതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഹോമിയോ ചികില്‍സയുടെ ഭാഗമാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ചില കാന്‍സറുകള്‍ ഹോമിയോയിലൂടെ ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പട്ടിട്ടുണ്ട്. ആയുഷിന്റെ ഭാഗമായ ഹോമിയോയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഹോമിയോ ഡയറക്ടറേറ്റിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉടന്‍തന്നെ അതിന്റെ ഉദ്ഘാടനം നടക്കും. കേരളത്തിലെ ഒട്ടുമിക്ക ഹോമിയോ ആശുപത്രികളും ആധുനികവത്കരിക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. വണ്ടൂരിലെ കാന്‍സര്‍ ഇന്‍സ്റ്ററ്റിയൂട്ട് ഇതിന് ഉദാഹരണമാണ്. മെയ് മാസത്തില്‍ ആയുഷ് കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.പാര്‍ത്ഥസാരഥി സാമുവല്‍ ഹാനിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആയുഷ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.നവജ്യോത് ഖോസ, കൗണ്‍സിലര്‍ അഡ്വ.വിജയലക്ഷ്മി, ഹോമിയോ മെഡിക്കല്‍ കോളജ് പി സി ഒ ഡോ.സുനില്‍രാജ് പി., ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സി.വി.ഹേമകുമാരി, ഡോ.സുബാഷ് എം., വി.കെ.ഷീജ, വഞ്ചിയൂര്‍ രാധാകൃഷ്ണന്‍, ഡോ.സി.സുന്ദരേശന്‍, എസ്. അജയന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ.ജമുന സ്വാഗതവും ഡോ.ഷൈലേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പി.എന്‍.എക്‌സ്.1340/18
- Log in to post comments