Skip to main content

സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ സാധ്യതകള്‍ പരീക്ഷിക്കും: മന്ത്രി എം.എം.മണി

 

 

സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ സാധ്യതകള്‍ പരീക്ഷിക്കുമെന്ന്  വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി  പറഞ്ഞു. കനകപ്പലം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി പാരിഷ് ഹാളില്‍  എരുമേലി 110 കെ. വി സബ് സ്റ്റേഷന്റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലത്തില്‍ നിന്നും കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. സോളാര്‍ വൈദ്യുതിയുടെ സാധ്യതകളും സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. നാടിന്റെ പുരോഗതിക്ക് ഊര്‍ജ്ജം ഒഴിവാക്കാനാവുന്നതല്ലെന്ന്  അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വൈദ്യുതി ഉല്പാദനം വളരെ കുറവാണ്. 30 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദപ്പിക്കുന്നത്. 70 ശതമാനം വൈദ്യുതിയും  പുറത്തുനിന്ന് വാങ്ങിയാണ് പ്രതിസന്ധി ഇല്ലാതെ മുന്നോട്ട് നീങ്ങുന്നത്. ഊര്‍ജ്ജം അനാവശ്യമായി പാഴാക്കാതെ നോക്കേണ്ടത് ജനങ്ങളുടെ കടമയാണ്. പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തി വൈദ്യുതി ലഭ്യത ഉറപ്പു വരുത്താനുളള എല്ലാ നീക്കവും സര്‍ക്കാര്‍ നടത്തും- അദ്ദേഹം പറഞ്ഞു. 

18 കോടിരൂപ ചെലവഴിച്ചാണ് എരുമേലി 110 കെ.വി. സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. എരുമേലി, വെച്ചൂച്ചിറ, പാറത്തോട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി റാന്നി -പെരുനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ അന്‍പതിനായിരം ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 

പി.സി. ജോര്‍ജ്ജ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പ്രസാരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ സിജി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയി, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ പി. വിജയകുമാരി സ്വാഗതവും പൂവന്‍തുരുത്ത് ട്രാന്‍സ് മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജോണ്‍ തോമസ് നന്ദിയും പറഞ്ഞു.

 

date