180 ക്യാംപുകൾ സജ്ജം; ആളുകളെ മാറ്റിത്തുടങ്ങി
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അപകട സാധ്യതാ മേഖലയിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ഇത്തരത്തിൽ 180 ക്യാംപുകളാണ് റവന്യൂ വകുപ്പ് ജില്ലയിൽ തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാംപുകളിൽ സുരക്ഷിതമായി പാർപ്പിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുന്നത്.
തിരുവനന്തപുരം താലൂക്കിൽ 48 ക്യാംപുകളിലായി 1,550 പേരെ മാറ്റിപ്പാർപ്പിക്കാൻ കഴിയും. ചിറയിൻകീഴിൽ 30 ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 1,800 പേരെ മാറ്റിപ്പാർപ്പിക്കാനാകും. മറ്റു താലൂക്കുകളിലെ ക്യാംപുകളും പാർപ്പിക്കാനാകുന്ന ആളുകളുടെ ശേഷിയും ഇങ്ങനെ; വർക്കല - 46(600), നെടുമങ്ങാട് - 19(3,800), കാട്ടാക്കട - 12(1,000), നെയ്യാറ്റിൻകര - 25(2,300)
ജില്ലയിൽ പതിവായി കാലവർഷ കെടുതി നേരിടുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നു കളക്ടർ പറഞ്ഞു. സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സർക്കാർ സംവിധാനങ്ങളുടെ സഹായം തേടണം.
ദുരിതാശ്വാസ ക്യാംപുകളിൽ വൈദ്യുതിയെത്തിക്കാൻ കെ.എസ്.ഇ.ബിക്കു നിർദേശം നൽകിയിട്ടുണ്ട്. മാറ്റിപ്പാർപ്പിക്കുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനും വാട്ടർ അതോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
- Log in to post comments