പൊന്മുടിയില്‍ നിന്ന് 177 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, അപകടസാധ്യതയുള്ള പൊന്മുടിയിലെ ലയങ്ങളില്‍ നിന്നും 177 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ഇതില്‍ 66 പുരുഷന്മാരും ഒരു ഗര്‍ഭിണി ഉള്‍പ്പടെ 69 സ്ത്രീകളും 42 കുട്ടികളുമുണ്ട്. പുരുഷന്മാരെ വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും സ്ത്രീകളെയും കുട്ടികളെയും ആനപ്പാറ ഹൈസ്‌കൂളിലേക്കുമാണ് മാറ്റിയത്. രാവിലെമുതല്‍ തന്നെ ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നതിനുള്ള നടപടികള്‍ റവന്യൂ-പോലീസ് അധികൃതര്‍ സ്വീകരിച്ചിരുന്നു. വൈകിട്ട് നാലുമണിയോടൊണ് ഇവരെ മാറ്റി തുടങ്ങിയത്. ബന്ധുക്കളുടെ വീടുകളിലേക്ക് പോകാന്‍ താത്പര്യം അറിയിച്ചവരെ അവിടെ എത്തിക്കാനുള്ള വാഹന സൗകര്യം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു. ബാക്കിയുള്ളവരെ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് ക്യാമ്പുകളില്‍ എത്തിച്ചത്. ക്യാമ്പുകളില്‍ ഭക്ഷണം, ശുചിമുറി ഉള്‍പ്പടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നെടുമങ്ങാട് ആര്‍.ഡി.ഒ സജികുമാര്‍ പറഞ്ഞു. നെടുമങ്ങാട് തഹസില്‍ദാര്‍ അനില്‍കുമാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 15 അംഗ എന്‍.ഡി.ആര്‍.എഫ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ സുരക്ഷയ്‌ക്കൊപ്പം ഭക്ഷണമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
- Log in to post comments