Skip to main content

ചുമട്ടുതൊഴിലാളികളുടെ കൂലി ഏകീകരിച്ചു

ജില്ലയിലെ സ്‌കാറ്റേര്‍ഡ് വിഭാഗത്തിലെ ചുമട്ടുതൊഴിലാളികള്‍ കൈകാര്യം ചെയ്യുന്ന സാധന സാമഗ്രികളുടെ കയറ്റിറക്ക് കൂലി ഏകീകരിച്ചു ഉത്തരവായി. ജില്ലാ ലേബര്‍ ഓഫീസര്‍ വളിച്ചു കൂട്ടിയ യോഗത്തില്‍ ചുമട്ട് തൊഴില്‍ മേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും, വ്യാപാര, വ്യാവസായ തൊഴിലുടമകളും  മറ്റുള്ളവരും പങ്കെടുത്തു.ചുമട്ടുതൊഴിലാളികളുടെ അമിത കൂലി ആവശ്യപ്പെടല്‍, നോക്കുകൂലി ആവശ്യപ്പെടല്‍ തുടങ്ങിയ അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ അറുതിവരുത്തുവാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
നിലവിലെ ചുമട്ടുതൊഴില്‍ നിയമപ്രകാരം ചുമട്ട് ജോലികള്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ വകുപ്പില്‍ നിന്ന് ലഭിച്ചിട്ടുള്ള '26 എ' തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം.  ഇവര്‍ക്ക് മാത്രമെ ചുമട്ടുതൊഴില്‍ ചെയ്യാന്‍ അവകാശമുള്ളു.  ഇവര്‍ ജോലി സമയത്ത് ഈ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് കൈവശം വെച്ചിരിക്കേണ്ടതുമാണ്.  തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണ്. നിലവില്‍ ജില്ലയില്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് കയറ്റിറക്ക് എഗ്രിമെന്റ് വച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിലവിലെ കയറ്റിറക്ക് കൂലി നിരക്ക് തുടരുന്നതാണ്.  ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന കൂലി നിരക്കുകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് പ്രാബല്യം ഉണ്ടായിരിക്കും. ഏതെങ്കിലും പ്രദേശത്ത് ചുമട്ടുതൊഴിലാളികളുമായി തര്‍ക്കമോ, പ്രശ്‌നങ്ങളോ ഉണ്ടാകുന്നുവെങ്കില്‍ അതത് സ്ഥലത്തെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറുമായി ബന്ധപ്പെട്ട് പരിഹാരം കാണാവുന്നതാണെന്ന് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം അറിയിച്ചു. മലപ്പുറം ജില്ലാ ലേബര്‍ ഓഫീസ്  ഫോണ്‍ - 0483-2734814

 

date