Skip to main content

മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ജില്ലയില്‍  സിറ്റിങ് നടത്തി

 

കൊച്ചി: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ കടാശ്വാസം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ മുമ്പാകെ ലഭിച്ച പരാതികളില്‍ പരിഹാരം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട 55  കേസുകള്‍ പരിഗണിച്ചു. 

കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസ തുക വായ്പാ കണക്കില്‍ വരവ് വെച്ചതിലുള്ള പരാതികള്‍, ബാങ്കുകള്‍ക്ക് ലഭിച്ച കടാശ്വാസ തുക വായ്പാ കണക്കില്‍ ചേര്‍ക്കാതെ കടക്കണക്ക് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നത്, കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്കാത്തത്, അമിത പലിശ ഈടാക്കിയത്, നിര്‍ബന്ധിച്ച് വായ്പ പുതുക്കിയത് കാരണം അര്‍ഹതപ്പെട്ട കടാശ്വാസം തടയപ്പെട്ടത്, തുടങ്ങി വിവിധങ്ങളായ പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു. 

കടാശ്വാസം ലഭിച്ചിട്ടും വായ്പ കണക്ക് അവസാനിപ്പിക്കാത്ത 3       കേസുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  സഹകരണ ബാങ്കുമായി ബന്ധപ്പെട്ട    54   കേസുകളും ദേശസല്‍ക്യത/ഷെഡ്യൂള്‍ഡ് ബാങ്കുമായി ബന്ധപ്പെട്ട്    ഒരു കേസും പരിഗണിച്ചു.  അദാലത്തില്‍ പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ      അപേക്ഷകരും  ബന്ധപ്പെട്ട ബാങ്ക് പ്രതിനിധികളും പങ്കെടുത്തു. കമ്മീഷന്‍ പരിഗണിച്ച  3  പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെക്കാന്‍ ഉത്തരവിട്ടു. 

രണ്ടു കേസുകളില്‍ കടാശ്വാസം ലഭിച്ചതില്‍ കൂടുതല്‍ വരുന്ന ബാദ്ധ്യത തീര്‍പ്പാക്കാന്‍ പദ്ധതി തയാറാക്കി ബാങ്കിനോടും കക്ഷികളോടും അടുത്ത സിറ്റിങ്ങില്‍ ഹാജരകാകാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. മൂന്നു കേസുകള്‍ കാലഹരണപ്പെട്ടതെന്ന് കണ്ട് കടക്കണക്ക് തീര്‍പ്പാക്കാനും ഉത്തരവിട്ടു. ഒരു കേസ് ഒറ്റത്തവണ തീര്‍പ്പാക്കല്‍  പദ്ധതി പ്രകാരം വായ്പ തീര്‍പ്പാക്കാനും ഒരു കേസില്‍ കടശ്വാസം നല്കി നടപടി അവസാനിപ്പിക്കാനും ഉത്തരവായി. മൂന്നു കേസുകളിലായി 1,39,027 രൂപ കടാശ്വാസം അനുവദിക്കാന്‍ തീരുമാനമായി. കടാശ്വാസത്തിന് പുറമെ 2 ബാങ്കിന് കക്ഷിയില്‍ നിന്നും കിട്ടാനുണ്ടായിരുന്ന 5,86,878 രൂപ മെയ് 31 ന് മുന്‍പ് തിരിച്ചടച്ച് ആധാരം കൈപ്പറ്റാന്‍ സിറ്റിങ്ങില്‍ ഉത്തരവായി.

 കടാശ്വാസമായി കിട്ടിയ തുകക്ക് പുറമെ വരുന്ന 2,27,124 രൂപയുടെ ബാദ്ധ്യത തീര്‍ക്കുന്നതിന് രോഗവും പ്രായവും അവശതയും അനുഭവിക്കുന്ന വിധവയായ മത്സ്യത്തൊഴിലാളിക്ക്  തിരിച്ചടവ് തുക 71,124/ രൂപയായി നിജപ്പെടുത്തി തീര്‍പ്പാക്കാന്‍ കമ്മീഷന്‍ മുമ്പാകെ മട്ടാഞ്ചേരി മഹാജനിക് സര്‍വ്വീസ് സഹകരണ ബാങ്ക് സമ്മതിച്ച് 11 ഗഡുക്കളായി അടക്കുവാന്‍ തീരുമാനമായി. 

ജസ്റ്റിസ് പി.എസ്. ഗോപിനാഥിന്റെ അദ്ധ്യതയില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ അംഗങ്ങളായ കൂട്ടായി ബഷീര്‍, മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍ എന്നിവരും സഹകരണ സംഘം മാനേജര്‍മാര്‍, സെക്രട്ടറിമാര്‍ നാഷണലൈസ്ഡ് ബാങ്ക് മാനേജര്‍മാര്‍, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ തുടങ്ങിയവരും പങ്കെടുത്തു. കമ്മീഷന്‍ മുമ്പാകെ ഇന്ന് ലഭിച്ച പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.

date