Skip to main content

എറണാകുളം അറിയിപ്പുകള്‍

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് എ.പ്രില്‍ 26-ന് ആലുവ ഗവ: ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11-ന് നടക്കും. എറണാകുളം ജില്ലയില്‍ നിന്നുളള പരാതികള്‍ പരിഗണിക്കും.

 

സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തിന്

ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

കൊച്ചി: സി-ഡിറ്റ്, സൈബര്‍ശ്രീയില്‍ സോഫ്റ്റ്‌വേയര്‍ വികസന പരിശീലനത്തിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 20-നും 26-നും മദ്ധ്യേ പ്രായമുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരുമായിരിക്കണം. തിരുവനന്തപുരത്തുവച്ച് നടത്തുന്ന ഏഴ് മാസത്തെ പരിശീലനത്തിന് അപേക്ഷിക്കുന്നവര്‍ കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവരുമായിരിക്കണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. 

വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ്  സഹിതം അപേക്ഷകള്‍ ഏപ്രില്‍ 30-ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0471-2323949. 

 

പുത്തന്‍ അനുഭവങ്ങളുമായി

അവധിക്കാല അധ്യാപക പരിശീലനം 2018

കൊച്ചി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടുത്ത അധ്യയനവര്‍ഷം എല്ലാ വിദ്യാലയങ്ങളും എല്ലാ കുട്ടികളും കൂടുതല്‍ മികവിലേക്ക് എന്ന ലക്ഷ്യം സാധ്യമാകാന്‍ അധ്യാപക പരിശീലനത്തിന് ഏപ്രില്‍ 25ന് തുടക്കം കുറിക്കും. ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 25ന് എറണാകുളം ഗവ. ടി.ടി.ഐയില്‍ പി.ടി. തോമസ് എം.എല്‍.എ നിര്‍വഹിക്കും. മെയ് 16 വരെയാണ് പരിശീലനം.

എസ്.എസ്.എയുടെ ഇംഗ്ലീഷ് പരിപോഷണ പരിപാടിയായ ഹലോ ഇംഗ്ലീഷിനെ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പരിശീലന പരിപാടി ലക്ഷ്യമിടുന്നു. ഓരോ കുട്ടിയിലുമുളള പാഠ്യ - പാഠ്യേതര മികവുകളെ നിരന്തര വിലയിരുത്തലിലൂടെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിന് അധ്യാപക പരിശീലനത്തില്‍ പദ്ധതി തയ്യാറായിട്ടുണ്ട്. വിശേഷ ദിവസങ്ങളെ കോര്‍ത്തിണക്കിയ ഹരിതോത്സവം, ശാസ്ത്ര വിഷയങ്ങളിലുള്ള കൗതുകങ്ങളെ കണ്ടെത്തുന്ന കളിപ്പങ്ക,  കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തുന്ന ടാലന്റ് ലാബ് എന്നിവയുടെ പരിശീലന ക്രമവും, അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ ആവശ്യമായ രൂപരേഖ തയ്യാറാക്കല്‍, കുട്ടികളില്‍ പഠനനേട്ടങ്ങള്‍ ഉറപ്പുവരുത്തുന്നതിനാവശ്യമായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കല്‍ തുടങ്ങിയവയും അടങ്ങുന്നതാണ് പരിശീലനപരിപാടി.  

 

വാഹനം വാടകയ്ക്ക്; ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: മുളന്തുരുത്തി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2018-19 വര്‍ഷം ഒരു വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സര സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. മെയ് അഞ്ചിന് വൈകിട്ട് മൂന്നു വരെ ടെന്‍ഡര്‍ നല്‍കാം.

 

 

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 31 നഴ്‌സറികള്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു ലക്ഷം വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നതിന് വേണ്ടി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ പഞ്ചായത്തുകളിലായി ഏകദേശം 31 നഴ്‌സറികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ നഴ്‌സറികളില്‍ ആകെ ഏകദേശം 75475 ഫവലൃക്ഷതൈകള്‍ തയാറായി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ചിട്ടുളള കോട്ടുവളളി പഞ്ചായത്തിലെ നഴ്‌സറിയില്‍ സീതപഴം, പേര, റംബൂട്ടാന്‍, മാതളം, വിവിധതരം ചാമ്പകള്‍, കുടംപുളി, നെല്ലി, ആര്യവേപ്പ്, കറിവേപ്പ്, ജാതി, ഞാവല്‍, മുരിങ്ങ, ലക്ഷ്മിതരു, മുളളാത്ത, മാഹഗണി, വാളന്‍പുളി, ആത്ത, മാവ്, പ്ലാവ്, കൊക്കോ, ചായമന്‍സ, തെങ്കിന്‍തൈ, കണിക്കൊന്ന എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഫലവൃക്ഷ തൈകളാണ് ഉല്പാദിപ്പിച്ചിട്ടുളളത്. വിതരണത്തിന് തയാറായിട്ടുളള ഈ തൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് ഓഫീസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി കോട്ടുവളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശാന്തയ്ക്ക് നല്‍കി നിര്‍വഹിച്ചു.

 

സി.ആര്‍. രാമചന്ദ്രന്റെ

നിര്യാണത്തില്‍ അനുശോചിച്ചു

 കൊച്ചി:  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള   മീഡിയ  അക്കാദമി  മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന സി.ആര്‍. രാമചന്ദ്രന്റെ നിര്യാണത്തില്‍ അക്കാദമി ചെയര്‍മാന്‍  ആര്‍ എസ് ബാബു അനുശോചിച്ചു. ദീര്‍ഘകാലം പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന രാമചന്ദ്രന്‍ പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി നിസ്വാര്‍ത്ഥ സേവനമനുഷ്ഠിച്ച വ്യക്തിയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.  അക്കാദമിയുടെ വൈസ് ചെയര്‍മാനെന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സി.ആര്‍. രാമചന്ദ്രന്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയെന്ന് ആര്‍.എസ്. ബാബു അനുസ്മരിച്ചു.  

date