Skip to main content

'അപ്നാ ഘർ' തൊഴിലാളികൾക്ക് ജനുവരിയിൽ കൈമാറും -മന്ത്രി ടി.പി. രാമകൃഷ്ണൻ

കഞ്ചിക്കോട് കിൻഫ്ര വ്യവസായ പാർക്കിനകത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കായി നിർമിക്കുന്ന പാർപ്പിട സമുച്ചയം 'അപ്നാ ഘർ' ജനുവരിയിൽ തൊഴിലാളികൾക്ക് കൈമാറുമെന്ന് തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്‌ണൻ പറഞ്ഞു. പാർപ്പിട സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കിറ്റ്‌കോ നവംബർ അവസാനത്തോടെ പണി പൂർത്തിയാക്കി കെട്ടിടം തൊഴിൽ വകുപ്പിന് കൈമാറുമെന്ന് ഉറപ്പു നലകിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ സമാന രീതിയിൽ 'അപ്നാ ഘർ' പാർപ്പിട സമുച്ചയം നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. 

44,000 ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ 640 തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു മുറിയിൽ  10 തൊഴിലാളികൾ എന്ന രീതിയിൽ ഡോർമെട്രി സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അടുക്കള, ശുചിമുറി, വിശ്രമ മുറി, പാചക ഗാസ് സൗകര്യം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സൗകര്യങ്ങളും പാർപ്പിട സമുച്ചയത്തിലുണ്ട്. തൊഴിലുടമകൾ നൽകുന്ന തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവ പരിശോധിച്ചാണ് പ്രവേശനം നൽകുക. താമസത്തിന് നിശ്ചിത തുക തൊഴിലുടമയിൽ നിന്നും ഈടാക്കും.
 

date