മന്ത്രിസഭാ രണ്ടാംവാര്‍ഷികം പ്രദര്‍ശന-വിപണന മേളയില്‍ കലാസദ്യയൊരുക്കും
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ രണ്ടാംവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 19 മുതല്‍ 25 വരെ കാഞ്ഞങ്ങാട് അലാമിപ്പളളിയില്‍ നടക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍ എല്ലാ സായാഹ്നങ്ങളും വിപുലമായ കലാസദ്യയാല് സമ്പന്നമാക്കും. കാഞ്ഞങ്ങാട് റസ്റ്റ്ഹൗസില്‍ ചേര്‍ന്ന കള്‍ച്ചറല്‍ കമ്മറ്റി ഉപസമിതി യോഗം ഇതുസംബന്ധിച്ച് ധാരണയിലെത്തി.
സംസ്ഥാനസര്‍ക്കാരിനു കീഴിലെ വിവിധ അക്കാദമികള്‍, നാടന്‍ കലാസംഘങ്ങള്‍, വിവിധ വകുപ്പുകളുടെ കലാപരിപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. മേളയുടെ വിളംബരമായി കേരള ചലച്ചിത്ര അക്കാദമി നീലേശ്വരം, കാലിക്കടവ്, ബേഡഡുക്ക, കാറഡുക്ക, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ ചലച്ചിത്രമേളകള്‍ നടത്തുന്നതാണ്. കേരള ഫോക്ലോര് അക്കാദമിയുടെ പടയണി തുളു അക്കാദമിയുടെ യക്ഷഗാനം, പൂരക്കളി അക്കാദമിയുടെ പൂരക്കളി മറത്തുകളി, ലളിതകലാ അക്കാദമിയുടെ വര്‍ണ്ണോത്സവം, ഡിടിപിസി-ബിആര്‍ഡി സി യുടെ ആഭിമുഖ്യത്തില്‍ കൊല്ലം കാളിദാസയുടെ നാടകം, മാപ്പിള കലാഅക്കാദമിയുടെ ഇശല്‍രാവ്, എക്സൈസ് വകുപ്പിന്റെ നാടകം, നെഹ്റുയുവകേന്ദ്രയ്ക്ക കീഴിലെ കലാസംഘങ്ങളുടെ അലാമിക്കളി, നാടന്‍പാട്ടുത്സവം, നാടോടി നൃത്തം എന്നിവയാണ് അരങ്ങേറുക.
ലളിതകലാ അക്കാദമി അംഗം രവീന്ദ്രന് കൊടക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി മുരളീധരന്, ഡിടിപിസി സെക്രട്ടറി ആര് ബിജു, ബിആര്‍ഡിസി മാനേജര്‍ യുഎസ് പ്രസാദ്, കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന് ഇ വി സ്വാഗതം പറഞ്ഞു.
- Log in to post comments