കുടുംബശ്രീ ജില്ലാ കലോത്സവത്തിന് തുടക്കം
കുടുംബശ്രീ ജില്ലാ കലോത്സവം- അരങ്ങ് 2018-ന് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ തുടക്കമായി. പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.
നാലുവേദികളിലായി നടക്കുന്ന കലോത്സവം ഇന്ന് (ഏപ്രില്‍ 25) സമാപിക്കും. ജില്ലയിലെ 110 ഓളം സി.ഡി.എസ് യൂണിറ്റുകളില്‍ നിന്നുള്ള കടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പഞ്ചായത്ത് തലത്തിലും അതിനു ശേഷം നടന്ന ക്ലസ്റ്റര്‍ തലത്തിലും വിജയിച്ച 600 ഓളം കലാപ്രതിഭകള്‍ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 35ഓളം ഇനങ്ങളിലാണ് മത്സരം. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാം. മെയ് നാല്, അഞ്ച് ആറ് ദിവസങ്ങളിലായി എടപ്പാളിലാണ് സംസ്ഥാന കലോത്സവം നടക്കുക. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത, മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍, നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് കുട്ടി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എസ് അസ്‌കര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
- Log in to post comments