ഒന്നു ശ്രദ്ധിച്ചാൽ മിന്നലപകടങ്ങളിൽനിന്ന് രക്ഷ നേടാം
മിന്നൽ ഉണ്ടാവുന്നതിന്റെ സമയവും അവ പതിക്കുന്ന സ്ഥലവും കൃത്യമായി പ്രവചിക്കുക പ്രയാസകരമോ അസാധ്യമോ ആണെങ്കിലും അതിനെക്കുറിച്ചുള്ള ശരിയായ അറിവ് അപകടം കുറക്കുന്നതിന് സഹായിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മിന്നലിൽനിന്ന് നല്ല സംരക്ഷണം ലഭിക്കുന്ന സ്ഥലങ്ങളെ ആശ്രയിക്കുക വഴി സുരക്ഷിതരാവാം. മിന്നലിനെ ഉൾഭാഗത്തേക്ക് തുളച്ചുകയറാൻ അനുവദിക്കാത്തതും പൊട്ടാത്തതുമായ ലോഹ പ്രതലങ്ങളാൽ ഭാഗികമായോ പൂർണമായോ ചുറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരു വ്യക്തി സുരക്ഷിതനായിരിക്കും. സ്റ്റീൽ ഫ്രെയിം ഉള്ള കെട്ടിടങ്ങൾ, ലോഹ പ്രതലങ്ങൾ ഉള്ള വാഹനങ്ങൾ (തുറന്ന വാഹനങ്ങൾ ഈ പരിധിയിൽ വരില്ല), കൂരയും ഭിത്തിയും ലോഹഷീറ്റ് കൊണ്ട് മൂടിയതും ജോയിൻറുകൾ ചാലകപ്രതലം ഉറപ്പാക്കുന്ന തരത്തിൽ വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ചതുമായ കെട്ടിടങ്ങൾ എന്നിവ സുരക്ഷിതമാണ്. വലുതും ചെറുതുമായ കെട്ടിടങ്ങളുടെ ഉൾഭാഗം, പർവതങ്ങളിൽ കാണപ്പെടുന്ന പാർശ്വഭാഗങ്ങളിൽ സ്പർശിക്കാതെ ഒരാൾക്ക് ഇരിക്കുകയോ നിൽക്കുകയോ ചെയ്യാൻ കഴിയുന്ന, പൊള്ളയായ ഭാഗങ്ങൾ എന്നിവ മിനിമം സംരക്ഷണം ലഭിക്കുന്ന സ്ഥലങ്ങളാണ്.
എന്നാൽ, മിന്നൽ ഉള്ളപ്പോൾ ഒഴിവാക്കേണ്ട സ്ഥലങ്ങളും സാഹചര്യങ്ങളുമുണ്ട്. ഒരു പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്തുക്കളിലാണ് പ്രധാനമായും മിന്നൽ വന്നു പതിക്കുന്നത്, പ്രത്യേകിച്ചും ലോഹനിർമ്മിതമായ വസ്തുക്കളിൽ. ലോഹ വസ്തു വലുതാണെങ്കിൽ സാധ്യത വീണ്ടും കൂടും. മിന്നലുണ്ടാവുമ്പോൾ തുറസ്സായ സ്ഥലത്തും കുന്നിൻമുകളിലും നിൽക്കുന്ന ഒറ്റപ്പെട്ട മരങ്ങളുടെ അടിയിൽ നിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. മരത്തിന്റെ ഉയരം കൂടുമ്പോഴും അപകട സാധ്യത കൂടുന്നു.
മിന്നൽ സമയത്ത് താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വൻമരങ്ങളുള്ള വനങ്ങളുടെ അരികിൽ നിൽക്കുന്നത് അപകടകരമാണ്. തുറസ്സായ സ്ഥലത്തുള്ളതും മതിയായ സുരക്ഷയില്ലാത്തതുമായ കളപ്പുര, ചെറുകെട്ടിടങ്ങൾ, നിരീക്ഷണ ടവറുകൾ, കുടിലുകൾ എന്നിവയും അപകടകരമാണ്. സുരക്ഷാകവചമില്ലാത്ത വൈദ്യുത ലൈനുകൾ, ലോഹഘടനകൾ എന്നിവയുടെ സമീപ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. കൊടിമരം, ടി.വി ആൻറിനയുടെ പൈപ്പ്, കുത്തനെയുള്ള ലോഹസ്ഥലങ്ങൾ എന്നിവയുടെ സമീപ സ്ഥലം ഒഴിവാക്കണം. തടാകങ്ങളും നീന്തൽക്കുളങ്ങളും തുറസ്സായ ജലസ്രോതസ്സുകളിലെ വള്ളങ്ങളും മിന്നൽ പതിക്കാൻ ഏറെ സാധ്യതയുള്ളവയാണ്. തുറസ്സായ മൈതാനത്ത് നിൽക്കുന്നതും അപകടകരം തന്നെ. മിന്നൽ സമയത്ത് കുന്നിന്റെ മുകൾഭാഗം ഒട്ടും സുരക്ഷിതമല്ല. താഴ്‌വരയേക്കാൾ മിന്നൽ പതിക്കാൻ സാധ്യത കൂടുതൽ കുന്നിൻമുകളിലാണ്. ലോഹങ്ങളോ ലോഹ വയർ കൊണ്ടോ നിർമിതമായ വേലികൾ, കൈവരികൾ എന്നിവയുമായി ചേർന്ന് നിൽക്കരുത്. സൈക്കിൾ ചവിട്ടുന്നതും കുതിരയെ തെളിക്കുന്നതും മോട്ടോർ സൈക്കിൾ, ഓപൺ ട്രാക്ടർ എന്നിവ ഓടിക്കുന്നതും ഒഴിവാക്കണം. കോടാലി, പിക്കാക്‌സ്, കുട, ലോഹ കസേര മുതലായവ ഉപയോഗിക്കരുത്. തുറസ്സായ സ്ഥലത്തും സുരക്ഷാ കവചമില്ലാത്ത ചെറുമുറികളിലും കൂട്ടമായി നിൽക്കരുത്. റോഡ് റോളർ, റെയിൽവേ ട്രാക്ക്, ലോഹനിർമ്മിതമായ വാഹനങ്ങൾ എന്നിവയുടെ സമീപത്ത് നിൽക്കരുത്.
ഇടിമിന്നലുണ്ടായാൽ അരിവാൾ, കത്തി, കുട, ഗോൾഫ് സ്റ്റിക് തുടങ്ങിയ ലോഹ നിർമ്മിതമായ സാധനങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക. കാൽപാദങ്ങളും കാൽമുട്ടുകളും ചേർത്തുപിടിച്ച്, കൈകൾ മുട്ടിൽ ചുറ്റി വരിഞ്ഞ് താടി മുട്ടിനു മുകളിൽ ഉറപ്പിച്ച് നിലത്ത് കുത്തിയിരിക്കുക. മിന്നൽ സമയത്ത് പൊക്കം കൂടിയ മരത്തിന്റെ അരികിൽ പെട്ടാൽ അതിന്റെ ചില്ലകളിൽനിന്നും മാറി കുത്തിയിരിക്കുക.
ടെറസിന് മുകളിൽ വിളക്കുകൾ ഘടിപ്പിക്കുന്നതിന് ലോഹ കമ്പികൾ ഒഴിവാക്കുന്നത് മിന്നലപകടങ്ങളിൽനിന്ന് രക്ഷയേകും. ടെറസിൽ അയ കെട്ടുന്നതിന് ലോഹ ദണ്ഡുകളും ലോഹ വയറുകളും ഒഴിവാക്കുക. മിന്നൽ രക്ഷാചാലകം, എർത്തിംഗ്, റിംഗ് കണ്ടക്ടർ, മിന്നൽ അറസ്റ്റർ എന്നിവ മിന്നൽ സംരക്ഷണ മാർഗങ്ങളാണ്.
മിന്നൽ ആഘാതത്താൽ ഉണ്ടാകുന്ന അപകടങ്ങളിൽ ശ്വാസതടസ്സം മൂലമാണ് കൂടുതൽ പേരും മരണത്തിന് കീഴടങ്ങുന്നത്. നേരിട്ടുള്ള ആഘാതം, പൊള്ളൽ എന്നിവയിലൂടെ മരണം നന്നേ കുറവാണ്. കൃത്രിമ ശ്വാസോച്ഛ്വാസം ചെയ്യുന്നതിലൂടെ മിന്നൽ ആഘാതമേറ്റ നിരവധി പേരെ മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയും.
- Log in to post comments