മുഴുവന്‍ തരിശ് ഭൂമിയിലും കൃഷിയിറക്കും
പെരിന്തല്‍മണ്ണ നഗരസഭയിലെ തരിശായി കിടക്കുന്ന മുഴുവന്‍ പാടശേഖരങ്ങളിലും കൃഷിയിറക്കാന്‍ ടൗണ്‍ ഹാളില്‍ നടന്ന നഗരസഭ കര്‍ഷക കര്‍മ്മ സേന ശില്‍പശാലയില്‍ തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 80 ഏക്കറായിരുന്ന നെല്‍ കൃഷി 300 ഏക്കറില്‍ എത്തിക്കാന്‍ നഗരസഭക്ക് കഴിഞ്ഞു. ശേഷിച്ച തരിശുഭൂമി കൂടി ഏറ്റെടുത്ത് ഈ വര്‍ഷം 500 ഏക്കറില്‍ നെല്‍കൃഷിയിറക്കാനാണ് കാര്‍ഷിക കര്‍മ്മ സേന ജീവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ചേരാന്‍ വിസമ്മതിക്കുന്നവരുടെ ഭൂമി നിയമപ്രകാരം നോട്ടീസ് നല്‍കി നഗരസഭ പിടിച്ചെടുത്ത് കൃഷിയിറക്കും. രണ്ടു വിള നെല്‍കൃഷി എടുക്കാവുന്ന രൂപത്തില്‍ ജൂണ്‍ മാസത്തില്‍ നെല്‍കൃഷി ആരംഭിക്കാനാണ് തീരുമാനം.
പച്ചക്കറി കൃഷി മെയ് അവസാന വാരത്തില്‍ ആരംഭിക്കും. വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി നടത്തുന്നതിന് തിരഞ്ഞെടുത്ത 5000 വീടുകള്‍ക്ക് ഒരു ലക്ഷം പച്ചക്കറിത്തൈകളും വിത്തും വിതരണം ചെയ്യും. വാഴ-കിഴങ്ങ് കൃഷികള്‍ സമയബന്ധിതമായി ആരംഭിക്കും. ഇതിനു പുറമെ 200 ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യകൃഷി ജൂണില്‍ തന്നെ ആരംഭിക്കാനും ധാരണയായി. ഗരസഭയിലെ 12000 വീടുകളില്‍ പപ്പായ, മുരിങ്ങ, ചീര, കോവക്ക എന്നീ തുടങ്ങിയവയുടെ തൈകള്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിതരണം ചെയ്യും.
നെല്‍കര്‍ഷകര്‍ക്ക് 50 ലക്ഷം. വാഴകൃഷിക്ക് 15 ലക്ഷം, പച്ചക്കറികൃഷിക്ക് 25 ലക്ഷം കിഴങ്ങ് കൃഷിക്ക് 10 ലക്ഷം, തെങ്ങ് കൃഷിക്ക് 25 ലക്ഷം, മറ്റു കാര്‍ഷിക പദ്ധതികള്‍ക്ക് 50 ലക്ഷം എന്നിങ്ങനെ 1.50 കോടി രൂപ കാര്‍ഷിക മേഖലയിലെ സബ്‌സിഡിയായും മറ്റ് ആനുകൂല്യങ്ങളായും ഈ വര്‍ഷം കര്‍ഷകര്‍ക്ക് നല്‍കി കാര്‍ഷിക മേഖലക്ക് ഉണര്‍വേകും.
കാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമാക്കാന്‍ സബ്‌സിഡിക്കും, ആനുകൂല്യ ങ്ങള്‍ക്കുമുള്ള അപേക്ഷ നേരത്തെ നല്‍കി സമയബന്ധിതമാക്കും. ഏപ്രില്‍ 24നും 30 നും ഉള്ളില്‍ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോം വിതരണം ചെയ്യും. മെയ് 10നുള്ളില്‍ കര്‍ഷകര്‍ കൃഷി ഭവനിലോ, നഗരസഭയിലോ അപേക്ഷ സമര്‍പ്പിക്കണം. മെയ് 15നകം ഗുണഭോക്തൃ ലിസ്റ്റ് കൃഷിഭവന്‍ ഉണ്ടാക്കും. ഈ ഗുണഭോക്തൃ ലിസ്റ്റ് മെയ് 15നും 30 നും ഇടയില്‍ ചേരുന്ന വാര്‍ഡ് സഭ അംഗികരിച്ച് ജൂണ്‍ രണ്ടിന് കൗണ്‍സിലില്‍ അന്തിമമാക്കും. കൃഷി പൂര്‍ത്തികരിക്കുന്ന ഉടന്‍ തന്നെ ഈ വര്‍ഷം സബ്‌സിഡിയും വിതരണം ചെയ്യും. കാര്‍ഷിക ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോറങ്ങള്‍ നഗരസഭ, കൃഷിഭവന്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത തിയതിക്കകം സമര്‍പ്പിക്കണം.
കാര്‍ഷിക കര്‍മസേന ശില്‍പശാലയുടെയും, അപേക്ഷ ഫോം വിതരണത്തിന്റെയും ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി മൊയ്തീന്‍ കുട്ടി അദ്ധ്യക്ഷനായി. കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ. റജിന, കൃഷി അസിസ്റ്റന്റ് പി. സിനി, കെ.ദേവദാസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments