Skip to main content

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിതചട്ടം: ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ പരിശീലനം പൂര്‍ത്തീകരിച്ചു

 

എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍മാരുടെ പരിശീലനം പൂര്‍ത്തീകരിച്ചു. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കും. പ്ലാസ്റ്റിക് പാത്രങ്ങള്‍ മാറ്റി പകരം സ്റ്റീല്‍-സെറാമിക് പാത്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഭക്ഷണം കൊണ്ടുവരുന്നതിനും തീരുമാനമായി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഹരിതചട്ടം കമ്മറ്റികള്‍ രൂപീകരിച്ചുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങള്‍ ശേഖരിക്കുവാന്‍ പ്രത്യേകം ബിന്നുകള്‍  ഓഫീസുകളില്‍ ക്രമീകരിക്കേണ്ടതാണ്. അഴുകുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുവാന്‍ അനുയോജ്യമായ ജൈവമാലിന്യ കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ പൊതുവായോ പ്രത്യേകമായോ ഓഫീസുകളില്‍ സ്ഥാപിക്കുന്നതാണ്. അഴുകാത്ത മാലിന്യങ്ങള്‍ പ്രത്യേകം തരംതിരിച്ച് സൂക്ഷിച്ച് ആക്രിക്കച്ചവടക്കാര്‍ക്കോ സംസ്‌ക്കരണ സംവിധാനങ്ങളിലേയ്‌ക്കോ കൈമാറ്റം ചെയ്യുന്നതാണ്. പൊതു ചടങ്ങുകള്‍ക്കും പ്രചരണ പരിപാടികള്‍ക്കും പ്രകൃതി സൗഹൃദ വസ്തുക്കള്‍ക്കൊണ്ടുള്ള ബാനറുകളും ബോര്‍ഡുകളും ഉപയോഗിക്കുന്നതാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ ശൗചാലയങ്ങളുടെ വൃത്തിയും ജലലഭ്യതയും ഉറപ്പ് വരുത്തുകയും ചെയ്യും. മെയ് മാസം 15നകം ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഹരിത ചട്ടങ്ങളെ സംബന്ധിച്ചുള്ള പരിശീലനങ്ങള്‍ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കും.

                                                 (കെ.ഐ.ഒ.പി.ആര്‍-775/18)

date