സൂര്യാഘാത, വേനല്‍കാല രോഗങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ദുരന്തനിവാരണ വകുപ്പ്
കടുത്ത വേനലില്‍ സൂര്യാഘാതവും സൂര്യതാപവും ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണവകുപ്പ്. വേനല്‍കാല രോഗങ്ങള്‍ പിടിപെടാതിരിക്കാനും പൊതുജനം ജാഗ്രത പാലിക്കണം. കടുത്തചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് സൂര്യാഘാതസാധ്യത കൂടുതലാണെന്നും ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്ന് മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന പ്രക്രിയയാണ് സൂര്യാഘാതം.
ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, പേശിമുറുകല്‍, കൃഷ്ണമണി വികസിക്കല്‍, ക്ഷീണം, ചുഴലിരോഗലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം. കടുത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും, ബോധം കെട്ടുവീഴുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
ശുദ്ധജലം ധാരാളം കുടിക്കുക, വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക, ഉച്ച സമയത്ത് വിശ്രമിച്ച് രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, പ്രായാധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക, വിടീനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകുന്ന രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക, വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതത്തിന്റെയോ സൂര്യതാപത്തിന്റെയോ ലക്ഷണങ്ങള്‍ രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം. ചൂടു കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റുക, കാലുകള്‍ ഉയര്‍ത്തിവെക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക എന്നിവയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഡോക്ടറെ കണ്ട് ഉടന്‍ ചികിത്സയെടുക്കണം.
വേനല്‍കാല രോഗങ്ങള്‍ക്കെതിരെയും പൊതുജനം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. മഞ്ഞപ്പിത്തം, ചിക്കന്‍ പോക്‌സ്, ചെങ്കണ്ണ് തുടങ്ങിയ രോഗങ്ങള്‍ക്ക് വേനല്‍കാലത്ത് സാദ്ധ്യതയേറെയാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്. പനി, ചര്‍ദ്ദി,ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തില്‍ മഞ്ഞനിറം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക, കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക, സെപ്ടിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക, ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക തുടങ്ങിയവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
പൊതുവെ അപകടകാരിയല്ലെങ്കിലും കൂടിയാല്‍ പ്രശ്നമാകുന്ന രോഗമാണ് ചിക്കന്‍പോക്‌സ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്സ് ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. കുഞ്ഞുങ്ങളും പ്രമേഹ രോഗികളും ചിക്കന്‍ പോക്സിനെ കൂടുതല്‍ സൂക്ഷിക്കണം. ദേഹത്ത് കുമിളകള്‍ വരുക, പനി, പിന്‍ഭാഗത്ത് വേദന, വയര്‍വേദന, ക്ഷീണം, ശരീര വേദന, വിറയല്‍, ചൊറിച്ചില്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം വന്നാല്‍ ഉടന്‍ തന്നെ ചികിത്സ ചെയ്യുക. ഹോമിയോപ്പതി, അലോപ്പതി ചികിത്സകളാണ് നല്ലത്. ധാരാളം വെള്ളം കുടിക്കുക. ഭക്ഷണ ക്രമീകരണം വേണം. രോഗ ലക്ഷണങ്ങള്‍ കാണുന്ന വ്യക്തിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കുക. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക. കുത്തിവയ്പിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാം. ഡോക്ടറെ കണ്ട് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കുത്തിവയ്പുകള്‍ എടുക്കണം. വലിയ പനിയോ, വയറിളക്കമോ, ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉടന്‍ ചികിത്സിക്കുക. തുടങ്ങിയവയാണ് രോഗം വന്നാല്‍ ചെയ്യേണ്ടത്.
വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേല്‍ക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. വൈറസുകള്‍ കൊണ്ടാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചില്‍, കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം വന്നാല്‍ ടി.വി കാണുന്നത് പരമാവധി ഒഴിവാക്കുക, രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കണ്ണിന് ചൂട് തട്ടാതെ സൂക്ഷിക്കുക എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. രോഗം വരാതിരിക്കാന്‍ കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ടത്.
- Log in to post comments