Skip to main content

കോർപ്പറേഷന് കീഴിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം സാധ്യം: മേയർ

 
* സർക്കാർ ഓഫീസുകൾ ഹരിത നിയമാവലിക്കുള്ളിൽ
* ജില്ലാതല നോഡൽ ഓഫീസർമാരുടെ പരിശീലനം തുടങ്ങി
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ കഴിയുമെന്ന് മേയർ വി.കെ. പ്രശാന്ത്.  ജനങ്ങൾ അതിന് പൂർണമായും തയാറാണെന്നാണ് തന്റെ അനുഭവമെന്നും മേയർ പറഞ്ഞു.  ഹരിതകേരളം മിഷന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഹരിതചട്ടം നടപ്പാക്കുന്നതിനായി ചുമതലയുള്ള നോഡൽ ഓഫീസർമാരുടെ ജില്ലാതല പരിശീലനം പേരൂർക്കടയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഹരിത നിയമാവലി പ്രായോഗികമാക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചത് തിരുവനന്തപുരം കോർപ്പറേഷനാണ്.  തിരുവനന്തപുരത്ത് നടന്ന, ഇന്ത്യയും ന്യൂസ്‌ലാന്റും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിലാണ് ഇ.പി.ആർ. (എക്സ്റ്റൻഡഡ് പ്രൊഡ്യൂസേഴ്‌സ് റെസ്‌പോൺസിബിലിറ്റി) സംവിധാനം നഗരസഭ ആദ്യം നടപ്പാക്കിയത്.  മൈതാനത്ത് വിതരണം ചെയ്ത 35,000 ശീതളപാനീയ പ്ലാസ്റ്റിക് കുപ്പികൾ കോർപ്പറേഷനുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്ത ആഗോള കമ്പനി തന്നെ തിരിച്ചെടുത്തു.  ഇത്തരം സംവിധാനം നമ്മുടെ സൂപ്പർമാർക്കറ്റുകളിൽ നടപ്പാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി.  നാഷണൽ ഗെയിംസിലും തുടർന്ന് എല്ലാ വർഷങ്ങളിലും ആറ്റുകാൽ പൊങ്കാലയിലും ഹരിതചട്ടം കർശനമായി നടപ്പാക്കിയതിന്റെ ഗുണഫലം കോർപ്പറേഷനും നഗരവാസികളും തിരിച്ചറിഞ്ഞതായും മേയർ പറഞ്ഞു.  പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം പൂർണമായ തോതിൽ തുണിസഞ്ചികൾ നൽകുന്ന സംവിധാനം കോർപ്പറേഷൻ ഉടൻ നടപ്പാക്കുമെന്നും മേയർ പറഞ്ഞു.   
ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ചിരിക്കുന്ന പരിശീലനപരിപാടിയിൽ എ.ഡി.എം. ജോൺ വി. സാമുവൽ അധ്യക്ഷനായിരുന്നു.  ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥരെയാണ് നോഡൽ ഓഫീസർമാരായി നിയമിച്ചിരിക്കുന്നത്.  രണ്ടു ദിവസങ്ങളിൽ വിവിധ ഘട്ടങ്ങളായി നടക്കുന്ന പരിശീലന പരിപാടിയിൽ അതത് രംഗത്തെ വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്.
(പി.ആർ.പി 1381/2018)

 

date