Skip to main content

മാനസികാരോഗ്യപദ്ധതികൾക്ക് 14.1 കോടി രൂപ അനുവദിച്ചു

നടപ്പു സാമ്പത്തികവർഷം മാനസികാരോഗ്യ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ 14.1 കോടി രൂപ അനുവദിച്ചു.  ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് 6.6 കോടി രൂപയും സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിലുള്ള പകൽ വീടുകൾക്ക് ആറുകോടി രൂപയും തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിന് 1.5 കോടി രൂപയുമാണ് അനുവദിച്ചത്.  നിർധന രോഗികൾക്ക് ചികിത്സാ ധനസഹായം ചെയ്യുന്ന സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റന്റ് ടു പുവറിന് 5.5 കോടിയും അനുവദിച്ചു.  
സംസ്ഥാനത്തെ 14 ജില്ലകളിലും സമഗ്ര മാനസികാരോഗ്യപദ്ധതിയുടെ ഭാഗമായി പകൽവീടുകൾ എന്ന പേരിൽ പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളുണ്ട്.  മാനസികരോഗം നിയന്ത്രണവിധേയമാക്കിയവരെയും ഭേദമായവരെയും തുടർചികിത്സയിലൂടെയും പരിശീലനങ്ങളിലൂടെയും സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനമൊട്ടാകെ പകൽവീടുകൾ ആരംഭിച്ചത്.  സൗജന്യ ചികിത്സ, ഭക്ഷണം കൂടാതെ തൊഴിലധിഷ്ഠിത തെറാപ്പിയും ഇവിടെ നൽകുന്നു.
മാനസികാരോഗ്യ ചികിത്സ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമൊതുങ്ങാതെ പ്രാഥമിക തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണ് ജില്ലാ മാനസികാരോഗ്യ പരിപാടി.  ഇപ്പോൾ മാസത്തിലൊരിക്കൽ തെരഞ്ഞെടുത്ത കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മാനസികാരോഗ്യക്ലിനക് പ്രവർത്തിക്കുന്നുണ്ട്.  ഇത് വ്യാപകമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കാൻസർ, ഗുരുതര വൃക്കരോഗം, കരൾ രോഗം എന്നീ മാരക രോഗങ്ങൾ കാരണം ബുദ്ധമുട്ടുന്ന നിർധന രോഗികൾക്ക് മെഡിക്കൽ കോളേജുകൾ, ആർ.സി.സി എന്നിവിടങ്ങളിൽ ചികിത്സയ്ക്ക് 50,000 രൂപ വരെ ഡോക്ടർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ലഭിക്കും.  വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കുറവുള്ളവരെയാണ് ഇതിന്റെ ഗുണഭോക്താക്കളായി സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റന്റ് ടു പുവർ തെരഞ്ഞെടുക്കുന്നത്.
(പി.ആർ.പി 1384/2018)

 

date