മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ജാഗ്രത അനിവാര്യം- മന്ത്രി തിലോത്തമന്‍
കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പൊതുജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ഉറപ്പാക്കുന്നതില്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി തിലോത്തമന്‍. കൊല്ലം കര്‍ബലയില്‍ ആദായനികുതി ഓഫീസിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയായ ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഉപഭോക്തൃ താല്‍പര്യ സംരക്ഷണത്തില്‍ ഏറെ മുന്നോട്ട് പോകാന്‍ പാശ്ചാത്തല സൗകര്യ വികസനത്തിലൂടെ സാധിക്കും. ജനങ്ങളുടെ ദൈനം ദിന ജീവിതത്തിലെ ഒട്ടുമിക്ക മേഖലകളിലും ശ്രദ്ധേയമായ ഇടപെടലുകളാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കുപ്പിയില്‍ നിറച്ച കുടിവെള്ളത്തിന് ഏകീകൃത വില നിശ്ചയിച്ച് നടപ്പിലാക്കാന്‍ വകുപ്പിന്റെ ഇടപെടലുകളിലൂടെ സാധിച്ചു. അളവിലും തൂക്കത്തിലും കൃത്യത ഉറപ്പ് വരുത്തി ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്നതില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്, മന്ത്രി പറഞ്ഞു.
ലീഗല്‍ മെട്രോളജി സേവനങ്ങള്‍ എല്ലാം ഒരേ കെട്ടിടത്തില്‍ ലഭ്യമാകുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം നൗഷാദ് എം എല്‍ എ പറഞ്ഞു.
ഒരു കോടി എണ്‍പത്തി അഞ്ച് ലക്ഷം രൂപ ചെലവില്‍ മൂന്ന് നിലകള്‍ വീതമുള്ള രണ്ടു കെട്ടിടങ്ങളായാണ് ആസ്ഥാന മന്ദിരം പൂര്‍ത്തീകരിച്ചത്. ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസ് (ജനറല്‍, ഫ്‌ളയിംഗ് സ്‌ക്വാഡ്), അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസ്, ഇന്‍സ്പെക്ടര്‍ ഓഫീസ് സര്‍ക്കിള്‍ 2, വര്‍ക്കിങ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറി, ടാങ്കര്‍ ലോറി കാലിബറേഷന്‍ യൂണിറ്റ് മുതലായ ഓഫീസുകളാണ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുക.
മേയര്‍ പ്രസന്ന ഏണസ്റ്റ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ഡിവിഷന്‍ കൗണ്‍സിലര്‍ എ കെ സവാദ്, കേരളാ ഫീഡ്‌സ് ചെയര്‍മാന്‍ ഇന്ദുശേഖരന്‍ നായര്‍, എല്‍ ജെ ഡി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് തൊടിയില്‍ ലുക്ക്മാന്‍, ലീഗല്‍ മെട്രോളജി വകുപ്പ് സെക്രട്ടറി പി വേണുഗോപാല്‍, കണ്‍ട്രോളര്‍ കെ ടി വര്‍ഗീസ് പണിക്കര്‍, അഡീഷണല്‍ കണ്‍ട്രോളര്‍ റീന ഗോപാല്‍, ലീഗല്‍ മെട്രോളജി വകുപ്പ് ജീവനക്കാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 132/2021)
- Log in to post comments