കാത്തിരിപ്പിന് വിരാമമായി: വാക്‌സിന്‍ വിതരണം ഇന്ന്( ജനുവരി 16) മുതല്‍
മാസങ്ങളോളമായി നിലനില്‍ക്കുന്ന കോവിഡ് മഹാമാരിക്ക് അറുതി വരുത്താന്‍ നടത്തിയ മനുഷ്യപ്രയത്‌നം സ്ഥലമാക്കി ഇന്നുമുതല്‍ വാക്‌സിന്‍ വിതരണം. ജില്ലയില്‍ ഒന്‍പത് കേന്ദങ്ങളില്‍ ഇതിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കൊല്ലം വിക്ടോറിയാ ആശുപത്രിയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും, പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മന്ത്രി കെ രാജുവും ലളിതമായ ചടങ്ങുകളില്‍ പങ്കെടുക്കും. ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാക്‌സിന്‍ വിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. രാവിലെ 10.30 ന് പ്രധാനമന്ത്രിയുടെ ചടങ്ങിന് ശേഷമാണ് വാക്‌സിന്‍ നല്‍കല്‍ ആരംഭിക്കുക.
കോവിഡ് മാനദണ്ഡങ്ങളും അകലവും കൃത്യമായി പാലിക്കും. ആള്‍ക്കൂട്ടമുണ്ടാവാതിരിക്കാന്‍ പോലീസ് നിരീക്ഷിക്കും. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കും. വാക്‌സിന്‍ നല്‍കുന്ന സ്ഥലവും, നിരീക്ഷണ മുറികളും അണുമുക്തമാണെന്നതിനാല്‍ നിയുക്തരായവരല്ലാത്ത ഒരാള്‍ക്കും ഇവിടങ്ങളില്‍ പ്രവേശനം അവദിക്കുന്നതല്ല. തിരുവനന്തപുരം റീജിയണല്‍ വാക്സിന്‍ സ്റ്റോറില്‍ നിന്ന് 25960 ഡോസ് കോവിഡ് 19 വാക്സിന്‍ (കോവിഷീല്‍ഡ്) ആണ് കൊല്ലം സ്‌കൂള്‍ ഒഫ് നഴ്‌സിംഗ് അങ്കണത്തില്‍ എത്തിയത്.
രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മൂന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ നല്‍കും. ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ട് പ്രാവശ്യം വാക്സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 28 ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്സിന്‍ എടുക്കേണ്ടത്.
ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍
1. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കൊല്ലം പാരിപ്പള്ളി
2. കൊല്ലം വിക്ടോറിയ ആശുപത്രി
3. ജില്ലാ ആയുര്‍വേദ ആശുപത്രി കൊല്ലം
4. മെഡിസിറ്റി മെഡിക്കല്‍ കോളേജ്, (പാലത്തറ ബ്ലോക്ക്)
5. താലൂക്ക് ആസ്ഥാന ആശുപത്രി പുനലൂര്‍
6. താലൂക്ക് ആസ്ഥാന ആശുപത്രി കരുനാഗപ്പള്ളി
7. ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രം
8. നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രം
9. കുടുംബാരോഗ്യ കേന്ദ്രം മാങ്കോട് ചിതറ
(പി.ആര്‍.കെ നമ്പര്‍ 135/2021)
- Log in to post comments