ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 16000 ഓളം പേര്‍
സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന 'ആവാസ്' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 16000 ഓളം പേര്‍. പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സ, അപകടമരണത്തിന് രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ, ബയോമെട്രിക് കാര്‍ഡ് മുഖേന പണരഹിതമായി ആശുപത്രി സേവനങ്ങള്‍ തുടങ്ങിയവ നല്‍കുന്നതോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം കൂടി പദ്ധതിയുടെ ലക്ഷ്യമാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആവാസ് പദ്ധതിയില്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കും. ജില്ലയിലെ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് തൊഴില്‍ വകുപ്പ്.
വേതന സുരക്ഷ പദ്ധതിയില്‍ ജില്ലയില്‍ ഇതു വരെ രജിസ്റ്റര്‍ ചെയ്തത് 617 സ്ഥാപനങ്ങളാണ്. അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന വിവിധ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പു വരുത്താനും സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം ബാങ്ക് വഴി നല്‍കുന്നതിനുമുള്ള പദ്ധതിയാണിത്. നിലവില്‍ 7773 ജീവനക്കാര്‍ക്ക് ഇതുപ്രകാരം അക്കൗണ്ട് വഴി ശമ്പളം നല്‍കുന്നുണ്ട്.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് (ആര്‍എസ്.ബി.വൈ) പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നല്‍കിയത് 29 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്. 2016-17 വര്‍ഷത്തില്‍ 29397 രോഗികള്‍ക്കായി 13 കോടിയുടെയും 2017-18 വര്‍ഷത്തില്‍ 35733 രോഗികള്‍ക്കായി 16 കോടിയുടെയും സൗജന്യ ചികിത്സ നല്‍കി. പദ്ധതിയില്‍ 2017-18 വര്‍ഷത്തില്‍ 3,35696 കുടുംബങ്ങളും 2018-19 വര്‍ഷാരംഭത്തില്‍ 3,55,841 കുടുംബങ്ങളുമാണ് ജില്ലയില്‍ നിന്നും ചേര്‍ന്നത്. പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 30,000 രൂപയുടെ സൗജന്യ ചികിത്സയും 60 വയസ്സ് കഴിഞ്ഞ ഓരോ അംഗത്തിനും 30,000 രൂപയുടെ അധിക ചികിത്സയും കൂടാതെ കാന്‍സര്‍, വൃക്ക, ന്യൂറോ, അപകട ട്രോമാ കെയര്‍ മുതലായ അസുഖങ്ങള്‍ക്ക് 70,000 രൂപയുടെ സൗജന്യ ചികിത്സയുമാണ് ലഭിക്കുക.
കൂലിവേലയ്ക്കിടെ പരുക്കേറ്റ് ജോലിചെയ്യാന്‍ കഴിയാത്തവര്‍ക്ക് 50,000 രൂപയുടെയും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയുടെയും ധനസഹായവും വകുപ്പ് നല്‍കുന്നുണ്ട്. ഇതു പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 39 തൊഴിലാളികള്‍ക്കായി 22 ലക്ഷം രൂപയുടെ സഹായ തൊഴില്‍ വകുപ്പ് നല്‍കി. പെന്‍ഷന്‍ തുകയായി 4672140 രൂപയും നല്‍കി.
അസംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്കായുള്ള 'ആശ്വാസ' പദ്ധതി പ്രകാരം 25 പേര്‍ക്ക് അമ്പതിനായിരം രൂപയുടെ ധനസഹായവും മേഖലയിലെ റിട്ടയേര്‍ഡ് വര്‍ക്കേഴ്‌സ് പെന്‍ഷന്‍ പദ്ധതി പ്രകാരം 257 പേര്‍ക്കായി 81.72 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.
- Log in to post comments